പാലക്കാട് സന്ദിപ് വാര്യരും മലന്പുഴയില്‍ സി. കൃഷ്ണകുമാറും സ്ഥാനാര്‍ഥികളായേക്കും. സംസ്ഥാന നേതാക്കളും ജില്ലയില്‍ മത്സരിക്കാനെത്തിയേക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍  ഇ. കൃഷ്ണദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാലക്കാട്: മലമ്പുഴയും പാലക്കാടും എ ഗ്രേഡ് മണ്ഡലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ബിജെപി. പാലക്കാട് സന്ദിപ് വാര്യരും മലന്പുഴയില്‍ സി. കൃഷ്ണകുമാറും സ്ഥാനാര്‍ഥികളായേക്കും. സംസ്ഥാന നേതാക്കളും ജില്ലയില്‍ മത്സരിക്കാനെത്തിയേക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ. കൃഷ്ണദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാലക്കാട് നഗരസഭയില്‍ തുടര്‍ഭരണം നേടി. സമീപ പഞ്ചായത്തുകളില്‍ വോട്ടുവിഹിതത്തില്‍ വലിയ വര്‍ധന ഉണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ പ്രകടനമാണ് മലമ്പുഴയിലെയും പാലക്കാട്ടെയും ബിജെപിയുടെ മനക്കോട്ടയുടെ അടിസ്ഥാനം. സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭാ ഉപാധ്യക്ഷനുമായ സി. കൃഷ്ണകുമാറിനെ പാലക്കാട് മത്സരിപ്പിക്കാനാണ് ആലോചിച്ചതെങ്കിലും മലമ്പുഴയില്‍ മത്സരിക്കാനാണ് അദ്ദേഹത്തിന് താത്പര്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലമ്പുഴ, അകത്തേത്തറ, മുണ്ടൂര്‍ പ‍ഞ്ചായത്തുകളില്‍ ബിജെപി രണ്ടാമതെത്തിയിരുന്നു. മലമ്പുഴയിലെ വിഎസിന്‍റെ അസ്സാന്നിധ്യവും തദ്ദേശീയര്‍ വേണമെന്ന പ്രാദേശിക ആവശ്യവും കൃഷ്ണകുമാറിനെ തുണയ്ക്കുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. ഷാഫി പറമ്പിലിനെ നേരിടാന്‍ സന്ദീപ് വാര്യരെത്തുമെന്നാണ് സൂചന. പക്ഷെ, താഴെത്തട്ടില്‍ സന്ദീപ് സ്വീകാര്യനാവുമോ എന്ന സംശയം പരിവാര്‍ സംഘടനകള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാനുള്ള സാധ്യതയും ബിജെപി തള്ളുന്നില്ല

തദ്ദേശ തെരഞ്ഞെടുപ്പില്‍ മുപ്പത്തി അയ്യായിരത്തിന് മുകളില്‍ വോട്ടു സമാഹരിച്ച ഷൊര്‍ണൂരും ഒറ്റപ്പാലത്തും സംസ്ഥാനനേതാക്കളെ മത്സരത്തിനിറക്കാനും ആലോചനയുണ്ട്.