തിരുവനന്തപുരം:   കെ സുരേന്ദ്രന്‍റെ അധ്യക്ഷ പദവി പ്രഖ്യാപനത്തോടെ തമ്മിലടി രൂക്ഷമായിരുന്ന സംസ്ഥാന ബിജെപിയിൽ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടൽ വഴി സമവായം.  എതിർപ്പ് ഉയർത്തിയ പികെ കൃഷ്ണദാസ് പക്ഷത്തെ അനുനയിപ്പിക്കാനായി പാർട്ടി ഘടനയിൽ തന്നെ മാറ്റം വരുത്തിയാണ് കെ.സുരേന്ദ്രൻ വിട്ടുവീഴ്ചക്ക് തയ്യാറായത്.  

സാധാരണഗതിയിൽ പ്രസിഡന്‍റും ജനറൽ സെക്രട്ടറിമാരും മാത്രമുള്ള പാർട്ടിയുടെ ഉന്നത ഫോറമാണ് കോർക്കമ്മിറ്റി. വൈസ് പ്രസിഡണ്ടായ എ.എൻ രാധാകൃഷ്ണനെ കൂടി കോര്‍ കമ്മിറ്റിയിൽ  ഉൾപ്പെടുത്തിയാണ് സമവായ നീക്കം. ഇതോടെ ജനറൽ സെക്രട്ടറിയായി തുടരുന്ന എംടി രമേശും വൈസ് പ്രസിഡണ്ട് എ.എൻ രാധാകൃഷ്ണനുമടക്കം കോർ കമ്മിറ്റിയിൽ കൃഷ്ണദാസ് പക്ഷക്കാരുടെ എണ്ണം രണ്ടായി.

ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഭാരവാഹികളെ തീരുമാനിച്ചുവെന്ന കൃഷ്ണദാസ് പക്ഷ പരാതിയെ തുടർന്നാണ് കേന്ദ്ര ഇടപെടൽ. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകണമെന്ന് കെ സുരേന്ദ്രനോടും പാർട്ടി പദവികളിൽ തുടരണമെന്ന് പികെ കൃഷ്ണദാസ് പക്ഷത്തോടും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു .

 എഎൻ രാധാകൃഷ്ണന് കൂടുതൽ പരിഗണന കിട്ടിയതിനൊപ്പം എംടി രമേശും അയഞ്ഞു.  അതേ സമയം എ.എൻ രാധാകൃഷ്ണനൊപ്പം ജനറൽ സെക്രട്ടറിസ്ഥാനത്തും നിന്നും വൈസ് പ്രസിഡണ്ടാക്കി മാറ്റിയ ശോഭാ സുരേന്ദ്രനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. ശോഭ സ്ഥാനത്ത് തുടരുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. . ഒരുപക്ഷെ ശോഭ സുരേന്ദ്രന് ദേശീയ തലത്തിൽ പദവി കിട്ടാനുള്ള സാധ്യതയുണ്ട്.