തിരുവനന്തപുരം: കെ സുരേന്ദ്രനെെതിരെ സംസ്ഥാന ബിജെപിയിൽ പടയൊരുക്കം. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്രത്തിന് കത്തയച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെന്ന് ദേശീയ വൈസ് പ്രസിഡണ്ട് അബ്ദുള്ളക്കുട്ടിയും വിമർശിച്ചു.

2015നെക്കാൾ കൂടുതൽ നേടിയ സീറ്റുകളുടെ എണ്ണം പറഞ്ഞ് തദ്ദേശ ഫലം നേട്ടമാണെന്ന് സുരേന്ദ്രൻ അവകാശപ്പെടുമ്പോഴാണ് സുരേന്ദ്രനെ മാറ്റാനുള്ള നീക്കം. ഏകാധിപത്യ നിലപാടുമായി മുന്നോട്ട് പോകുന്ന സുരേന്ദ്രനെ പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറ്റണമെന്നാണ് ഇരുപക്ഷവും വെവ്വേറെ കേന്ദ്രത്തിന് നൽകിയ കത്തിലാവശ്യപ്പെട്ടത്. 

പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഒരുമിച്ച് കൊണ്ടുപോകാതെ തഴഞ്ഞു എന്നാണ് പ്രധാന വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം ഇല്ലെങ്കിൽ വൻ തിരിച്ചടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഫലത്തെ കുറിച്ച് സുരേന്ദ്രൻ നിരത്തിയ കണക്കുകൾ തെറ്റാണെന്നും ഇരുപക്ഷവും പറയുന്നു. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് വലിയ തിരിച്ചടിയാണുണ്ടായത്. 

തിരുവനന്തപുരം കോർപ്പറേഷനിലടക്കം പ്രതീക്ഷിച്ചതിൻ്റെ അടുത്ത് പോലും പാർട്ടിക്ക് എത്താനായില്ലെന്നാണ് വിമർശനം. കേന്ദ്ര ഭരണമുണ്ടായിട്ടും മലയാളിയായ കേന്ദ്ര സഹമന്ത്രിയുണ്ടായിട്ടും കാര്യമായ നേട്ടം ഉണ്ടാക്കിയില്ലെന്ന് പറഞ്ഞ് വി മുരളീധരനെയും കുറ്റപ്പെടുത്തുന്നു. ഇതിനിടെ ഫലം നേട്ടമാണെന്ന സുരേന്ദ്രൻെ അവകാശവാദം അബ്ദുള്ളക്കുട്ടിയും തള്ളി. 

പരസ്യമായി കൂടുതൽ വിമർശനങ്ങൾ ഉയരുന്നതും ശോഭാ പക്ഷവും കൃഷ്ണദാസ് വിഭാഗവും യോജിച്ചതും സുരേന്ദ്രനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.  സംസ്ഥാന പ്രസിഡണ്ടിനെതിരെ ഉയരുന്ന വിമർശനങ്ങളെ പൂർണ്ണമായും അവഗണിക്കാനും കേന്ദ്രത്തിന് കഴിയില്ല. ആർഎസ്എസ്സും അതൃപ്തരാണ്. നാളെ ബിജെപി നേതൃത്വവുമായി നടത്തുന്ന ചർച്ചയിൽ ആർഎസ്എസ് ഇത് ഉന്നയിക്കും.