ഇപ്പോഴിതാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി പ്രതികരിക്കുകയാണ് റോബിന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് റോബിന്‍റെ പ്രതികരണം.
ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ സീറ്റ് ഉറപ്പിച്ച് മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്‍ണൻ. കുണ്ടറയില്‍ നിന്നാണ് റോബിൻ മത്സരിക്കുന്നത്. അടുത്തിടെയാണ് റോബിൻ ബിജെപിയില്‍ അംഗത്വമെടുത്തത്. ഇപ്പോഴിതാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി പ്രതികരിക്കുകയാണ് റോബിന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് റോബിന്‍റെ പ്രതികരണം.
സീറ്റ് പ്രതീക്ഷിച്ചിരുന്നോ?
ഞാൻ ഒരിക്കലും സീറ്റിന്റെ കാര്യത്തെപ്പറ്റി സംസാരിച്ചിട്ടില്ല. ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സത്യം പറഞ്ഞാൽ ഒരുപാട് സന്തോഷമുണ്ട്. ഇതൊരു ഭാഗ്യമായി കാണുന്നു. ബിജെപി പോലുള്ള ഒരു വലിയൊരു മുന്നണിയിൽ ഒരു സ്ഥാനാർത്ഥിയാവുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. കാരണം ഞാൻ ഒറ്റയ്ക്ക് കഷ്ടപ്പെട്ടാണ് ഇത് നേടിയെടുത്തത്. എന്നെ റെക്കമെൻഡ് ചെയ്യാനോ എനിക്ക് വേണ്ടി സംസാരിക്കാനോ ഒന്നും ആരുമുണ്ടായിരുന്നില്ല. ഞാൻ ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍ തന്നെയാണെന്ന് അഭിമാനത്തോടെ പറയുന്നു. ഞാൻ എന്താണെന്നുള്ളത്, എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്നുള്ളത് അവര്‍ക്ക് ബോധ്യപ്പെട്ടു. അതിന്‍റെ അടിസ്ഥാനത്തിലാണ് എനിക്ക് ഇങ്ങനെയൊരു അവസരം അവര്‍ നല്‍കിയത്. ജയിക്കാൻ വേണ്ടി ഞാൻ എന്‍റെ 200% കഠിനാധ്വാനം ചെയ്തിരിക്കും.
എന്തുകൊണ്ടാണ് ബിജെപി?
എംബിബിഎസ് പഠിക്കുന്ന കാലം തൊട്ടേ എനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടായിരുന്നു. അമ്മയുടെ അച്ഛനൊക്കെ രാഷ്ട്രീയക്കാരനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ പണ്ടുതൊട്ടേ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇന്ത്യ ഇപ്പോൾ ലോകത്തില്‍ ഏതൊരു പൊസിഷനിലാണ് നിൽക്കുന്നതെന്ന് നോക്കിയാല്‍ അറിയാം എന്തുമാത്രം പവർഫുൾ ആയിട്ടുള്ള ഒരു ലീഡറാണ് മോദി എന്നുള്ളത്. മോദിജിയാണ് എന്റെ പ്രചോദനം. അദ്ദേഹം കാരണം തന്നെയാണ് ബിജെപിയില്‍ ചേര്‍ന്നതും. ഞാന്‍ ഒരു ഡോക്ടറായിട്ട് വർക്ക് ചെയ്യുമ്പോൾ എന്റെ സേവനം കുറച്ചുപേർക്ക് മാത്രമേ എത്തിക്കാൻ പറ്റൂ. പക്ഷേ ഇനി എനിക്ക് ഒരുപാട് പേരെ സഹായിക്കാന്‍ കഴിയും. റൈറ്റ് ടൈം എത്തിയപ്പോഴാണ് ഞാൻ എന്റെ പൊളിറ്റിക്കൽ വ്യൂ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. അത് കാരണം ഒരുപാട് ക്രിട്ടിസിസവും കാര്യങ്ങളും എല്ലാം നേരിട്ടു.
വര്‍ക്കല എന്‍റെ നാട്
മത്സരിക്കാന്‍ താല്‍പര്യമുള്ള മണ്ഡലത്തെ കുറിച്ച് മധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വർക്കല എന്ന് പറഞ്ഞുവെന്ന് മാത്രം. കാരണം വര്‍ക്കല എന്‍റെ ഹോം ടൗണ്‍ ആണ്. എന്റെ നാട്ടുകാരും ബന്ധുക്കളുമൊക്കെ അവിടെയല്ലേ. കുണ്ടറയില്‍ സീറ്റ് കിട്ടിയതില്‍ ഞാന്‍ സന്തുഷ്ടനാണ്. എന്നെ പോലെ വളര്‍ന്നുവരുന്ന വ്യക്തിക്ക് സീറ്റ് നല്‍കിയതില്‍ ഏറെ നന്ദിയുണ്ട്. കുണ്ടറയെ പറ്റി ഏറെ പഠിക്കാനുണ്ട്. എത്രയും പെട്ടെന്ന് അവിടേക്ക് പുറപ്പെടാനാണ് പ്ലാന്‍. നാടിന്റെ ഡെവലപ്മെന്‍റും നാട്ടുകാര്‍ മെന്റലി, ഫിസിക്കലി, ഫിനാന്‍ഷ്യലി ഹാപ്പി ആയിരിക്കണം എന്നുള്ളതാണ് ഞാന്‍ ലക്ഷ്യം വെക്കുന്നത്.
ബിജെപിയേക്ക് പോയതിന് പിന്നാലെ കടുത്ത സൈബർ ആക്രമണം
ബിജെപി സപ്പോർട്ടർ ആണെന്ന കാര്യം പറഞ്ഞതിന് പിന്നാലെ എനിക്ക് ഒന്നര ലക്ഷം ഫോളോവേഴ്സിനെയാണ് ഇന്‍സ്റ്റഗ്രാമില്‍ നഷ്ടപ്പെട്ടത്. പല തരത്തിലുള്ള സൈബര്‍ ആക്രമണം നേരിട്ടു. പക്ഷേ എന്‍റെ നിലപാടുകള്‍ മാറ്റാന്‍ ഞാന്‍ ഒരിക്കല്‍ പോലും ശ്രമിച്ചിട്ടില്ല. അതിന്റെ ഭാഗമായിട്ട് അവരെനിക്ക് മെമ്പർഷിപ്പ് തന്നു. എന്നെ അതിഥിയായി വിളിച്ച എല്ലാ പാര്‍ട്ടി പരിപാടികള്‍ക്കും ഞാന്‍ പോയിട്ടുണ്ട്. മുന്‍ ബിഗ് ബോസ് താരം എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവര്‍ അത്തരം പരിപാടികളില്‍ എന്നെ കാണാനായി എത്താറുണ്ട്. മത്സരിക്കണമെന്നോ സീറ്റ് വേണമെന്നോ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് മാത്രമേ അവര്‍ക്ക് അറിയൂ.
അഖില്‍ മാരാര്‍, വീണാ നായര്‍, ലക്ഷ്മി പ്രിയ
മുന്‍ ബിഗ് ബോസ് താരങ്ങളായ അഖില്‍ മാരാര്‍, വീണാ നായര്‍, ലക്ഷ്മി പ്രിയ എന്നിവര്‍ ട്വന്റി 20യിൽ ചേര്‍ന്നത് അറിഞ്ഞു. എന്‍ഡിഎയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ അവര്‍ ഉണ്ടാകും. എല്ലാവരും നല്ല സുഹൃത്തുക്കളാണ്. എല്ലാവരുമായും നല്ല ബന്ധമാണുള്ളത്.
ബിജെപിക്ക് എത്ര സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്?
എന്റെ ഒരു കണക്കില്‍ അഞ്ച് മുതല്‍ എട്ട് സീറ്റ് വരെ എന്തായാലും കിട്ടും. പിന്നെ എത്ര സീറ്റ് കിട്ടുന്നു എന്നതിലുപരി ഒരു ഗെയിം ചേഞ്ചർ ആവുക എന്നുള്ളതാണ് കാര്യം. ഏത് മണ്ഡലത്തിൽ ആയാലും ഗെയിം ചേഞ്ചിങ് കൊണ്ടുവരാൻ പറ്റുക എന്നതിലാണ് കാര്യം. എന്തായാലും ഈ തെരഞ്ഞെടുപ്പോടെ ബിജെപി കേരളത്തില്‍ വലിയ സാന്നിധ്യമാകുമെന്ന് ഉറപ്പാണ്.
