രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. രാഹുലിന്‍റെ പഴയ സഹപാഠി തന്നെ വിളിച്ച് മോശം അനുഭവം നേരിട്ടതായി വെളിപ്പെടുത്തിയിരുന്നുവെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഹു കെയേഴ്സ് എന്ന ചോദ്യത്തിന് പീപ്പിള്‍ കെയേഴ്സ് എന്നാണ് ഉത്തരമെന്നും രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയിട്ടുള്ള എല്ലാ അശ്ലീല കൊള്ളരുതായ്മയുടെയും പിതൃത്വം വി ഡി സതീശനാണെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. വിഡി സതീശന്‍റെ ചിറകിനടിയിലെ പക്ഷിക്കുഞ്ഞാണ് രാഹുൽ.സ്ത്രീകളോട് അപ മര്യാദയായി പെരുമാറിയ രാഹുലിനെ സംരക്ഷിക്കുന്ന വിഡി സതീശൻ മാപ്പ് പറയണം. പ്രതിപക്ഷ നേതാവിന്‍റെ ധർമ്മം ഇതാണോ എന്ന് ബിജെപി സതീശനോട് ചോദിക്കുകയാണ്.
രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കാൻ എന്തുകൊണ്ട് കോൺഗ്രസ് ആവശ്യപ്പെടുന്നില്ല?.ഒരു ചാനൽ ചർച്ച കഴിഞ്ഞ് ഇറങ്ങുമ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പഴയ സഹപാഠി തന്നെ വിളിച്ച് വെളിപ്പെടുത്തൽ നടത്തിയിരുന്നുവെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. രാഹുലിന്‍റെ സംസ്കാരം നല്ലതല്ലെന്നാണ് സുഹൃത്ത് പറഞ്ഞത്. സ്ത്രീകളോടുള്ള ഇടപെടൽ വളരെ മോശമാണെന്ന് പറഞ്ഞു. വ്യക്തിപരമായി തനിക്കുണ്ടായ അനുഭവമാണ് ഇതെന്നും അവര്‍ പറഞ്ഞു. രാഹുലിന്‍റെ സ്വഭാവം കോഴിയുടെ സ്വഭാവമാണെന്നും അവർ പറഞ്ഞു. ഇത് ഒരു ജനപ്രതിനിധിക്ക് ഒട്ടും ചേര്‍ന്നതല്ലെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
പരാതി ഒളിച്ചു വെച്ചതിന് വി ഡി സതീശനെതിരെ പിണറായി സർക്കാർ എഫ്ഐആർ ഇടണം. രാഹുൽ മാങ്കോട്ടത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പിണറായി തയ്യാറാണോ? സതീശനുമായി ഒത്തുകളിച്ച് കേസ് ഒഴിവാക്കുമോ എന്ന് ബിജെപി സംശയിക്കുന്നു. സ്നേഹ കടയിലെ വാങ്ങലും വില്പനയും എന്താണെന്ന് ജനങ്ങൾ അറിഞ്ഞു. സ്നേഹ കടയിലെ മാതൃകയാണോ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ചെയ്തികൾ? രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതികൾ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ട്. കരുണാകരന്‍റെ ഭാര്യയുടെ ചാരിത്ര്യം ചോദ്യംചെയ്ത ആളാണ് ഈ രാഹുൽ. ഇത് കല്യാണി കുട്ടി അമ്മയുടെ ശാപമാണ്.
വാർത്ത സമ്മേളനത്തിൽ ഹണി ഭാസ്കറിന്‍റെ ചാറ്റും പറവൂരിലെ പെൺകുട്ടിയുമായിട്ടുള്ള ബന്ധവും രാഹുൽ ഊട്ടിയുറപ്പിക്കുകയായിരുന്നു. അവരുമായുള്ള ചാറ്റ് രാഹുൽ സമ്മതിച്ചു. ആ ചാറ്റ് മാത്രം മതി എംഎൽഎ സ്ഥാനം രാജിവെക്കാൻ. സ്ത്രീകളോടെല്ലാം യൂത്ത് കോൺഗ്രസ് നേതാവ് ഇങ്ങനെയാണോ ചാറ്റ് ചെയ്യുക?. പരാതി പറയേണ്ടിടത്തു ഉന്നയിക്കാൻ അവരോട് ആവശ്യപ്പെട്ടുഅപ്പോൾ അവർ പറഞ്ഞത് അത് കോളേജ് കാലഘട്ടത്തിൽ ഉണ്ടായ സംഭവമല്ലേ എന്നായിരുന്നു. അവർ കെ എസ് യു പ്രവർത്തകയാണ് എന്നാണ് എന്നോട് പറഞ്ഞത്.കോഴി എന്ന് രാഹുലിനെ ചാനൽ ചർച്ചയിൽ വിളിച്ചത് ആ സ്ത്രീയുടെ ഭാഷയാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.



