തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണ പരാതിയിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ബിനോയിക്കെതിരെ വന്നിരിക്കുന്നത് ഗുരുതര പരാതിയാണെന്നും വിഷയത്തിൽ പിണറായിയും വി എസും മറുപടി പറയണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. 

പരാതിക്കാരിയായ സ്ത്രീയെ ബിനോയ് ഏറ്റെടുക്കണമെന്നും അത് വഴി നവോത്ഥാനം നടപ്പാക്കണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. കോടിയേരി രാജി വെച്ച് മാന്യത കാണിക്കണമെന്നും മൗനം വെടിയണമെന്നും പറഞ്ഞ ബി ഗോപാലകൃഷ്ണൻ, ബിനോയ് ഡിഎൻഎ ടെസ്റ്റിന് തയ്യാറാണോ എന്നും ചോദിച്ചു.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി, മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. ഇരയെ പീഡിപ്പിക്കാനാണ് ബിനോയിയുടെ പരാതിയിൽ കേസ് എടുക്കാൻ പോകുന്നതെന്നും കോടിയേരിയുടെ മകനെ സംരക്ഷിക്കാനാണ് ബ്ലാക്ക്മെയിൽ പരാതി കൊടുത്തതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. 

ഡാൻസ് ബാ‍‌ർ ജീവനക്കാരിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. 

അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തു. പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വിശദീകരിച്ചു.

താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി  ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.