സംസ്ഥാനത്തെ വൈദ്യുതി മുടക്കത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ. പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കാണിക്കണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സണ്ണി ജോസഫ് വൈദ്യുതി വകുപ്പിൻ്റെ മന്ത്രി മാത്രമല്ലെന്നും ഭരണകക്ഷിയുടെ അധ്യക്ഷൻ കൂടിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടക്കം പതിവാകുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽനിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സണ്ണി ജോസഫ് വൈദ്യുതി വകുപ്പിൻ്റെ മന്ത്രി മാത്രമല്ലെന്നും ഭരണകക്ഷിയുടെ അധ്യക്ഷൻ കൂടിയാണെന്നും ജനങ്ങളോട് അൽപമെങ്കിലും മര്യാദ കാണിക്കണെമന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

"ബഹുമാനപ്പെട്ട ശ്രീ. സണ്ണി ജോസഫ് , താങ്കൾ വൈദ്യുതി വകുപ്പിന്റെ മന്ത്രി മാത്രമല്ല ഭരണകക്ഷിയുടെ അദ്ധ്യക്ഷൻ കൂടിയാണ്. ഒരല്പം മര്യാദ പ്രജകളോട് കാണിക്കണം. പവർ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട് പൊതുജനം. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ പിന്നിലെ ശാന്തിനഗർ കോളനിയിൽ ഇന്നലെ രാത്രി രണ്ടുതവണയായി ഒന്നര മണിക്കൂറാണ് കറണ്ടുപോയത്. അപ്പോൾ പിന്നെ ബാക്കി സ്ഥലങ്ങളുടെ കാര്യം പറയാനില്ലല്ലോ".

ജനങ്ങളെ വലച്ച് വൈദ്യുതി മുടക്കം

സംസ്ഥാനത്ത് കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലയ്ക്കുകയാണ് രാത്രിയിലെ വൈദ്യുതി മുടക്കം. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതാണ് പ്രധാന പ്രതിസന്ധി. വൈകിട്ട് ആറരമുതൽ പുലർച്ചെ 12:30 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത് പുലർച്ചെ ഒരുമണിവരെ നീണ്ടു. പലയിടങ്ങളിലും മൂന്നുതവണ വരെ വൈദ്യുതി നിയന്ത്രിക്കേണ്ടിവന്നു.

സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതി ഉത്പാദനം ഗണ്യമായി കുറഞ്ഞതായി മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ആവശ്യകത മുൻവർഷങ്ങളേക്കാൾ കൂടി. സെപ്റ്റംബർ 15ഓടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് സർക്കാരിൻ്റെ ശ്രമമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിക്കുകയാണ്. ഇന്നലത്തെ വൈദ്യുതി ഉപയോഗം 94.78 ദശലക്ഷം യൂണിറ്റാണ്.