പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വോട്ട് ബാങ്കിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ. വിവാദത്തിന് പിന്നിൽ മത ഭീകരവാദ സംഘടനകളാണെന്നും കെ സുരേന്ദ്രൻ
തൃശൂര്‍: പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. വോട്ട് ബാങ്കിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി കോടതി ഉത്തരവുകളും മറ്റും പരിശോധിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യൂണിഫോം നിശ്ചയിക്കാൻ അധികാരമുണ്ട്. ഹിജാബ് പ്രശ്നം കേരളത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിന് പിന്നിൽ മത ഭീകരവാദ സംഘടനകളാണ്. നിഷ്കളങ്കമായ താല്പര്യങ്ങളല്ല അതിന് പിന്നിലുള്ളത്. ക്രിസ്ത്യൻ മാനേജ്മെന്‍റുകളുടെ സ്കൂളിൽ പോയി നിസ്കാരം നടത്താൻപ്രത്യേക സ്ഥലം വേണം, ഹിജാബ് ധരിക്കണം എന്നിങ്ങനെ പറയുന്നതിന് പിന്നിൽ ബോധപൂർവമായി തന്ത്രം. കേരളത്തിൽ മത ഭീകരവാദികൾ സ്പോൺസർ ചെയ്യുന്ന ആളുകളാണ് ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഒരു രക്ഷിതാവോ ഒരു പെൺകുട്ടിയോ ആവശ്യപ്പെടുന്ന കാര്യങ്ങളെല്ല ഇതെല്ലാം.
ലീഗ് അടക്കമുള്ള സംഘടനൾ ഭീകരവാദ സംഘടനകളുടെ അജണ്ടക്ക് പിന്നാലെ പോവുകയാണ്.വിദ്യാഭ്യാസ മന്ത്രി യുഡിഎഫിന് പിന്നാലെ പോകുകയാണ്. ഹൈബി ഈഡന്‍റേത് ലജ്ജാപരമായ നിലപാടാണ്. പോപ്പുലർ ഫ്രണ്ടിന് മുന്നിൽ പരസ്യമായി മുട്ടുമടക്കുകയാണ് കേരളത്തിലെ കോൺഗ്രസ് എംപിമാരും കേരളത്തിന്‍റെ വിദ്യാഭ്യാസ മന്ത്രിയും. മൊല്ലാക്കന്മാരുടെ സ്കൂളിൽ അവരുടെ മത വസ്ത്രങ്ങൾ ധരിച്ചു അവര്‍ പോകട്ടെ. മറ്റു സ്കൂളിൽ എന്തിനാണ് പോകുന്നത്?. ശബരിമല സീസൺ കാലത്ത് കുട്ടികൾ കറുപ്പുടുത്തുകൊണ്ട് സ്കൂളിൽ വരാറുണ്ടോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസും പിണറായി അട്ടിമറിക്കും, അന്വേഷണം വമ്പൻ സ്രാവുകളിലേക്ക് എത്തില്ല
ശബരിമല സ്വർണ മോഷണ കേസിൽ വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം എത്തില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പരമാവധി മുൻ ദേവസ്വം പ്രസിഡന്‍റ് പത്മകുമാറിൽ വരെ അന്വേഷണം എത്തും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിച്ചത് വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം എത്താതിരിക്കാനാണ്. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണിത്. പത്മകുമാർ അറിഞ്ഞു കൊണ്ടാണ് സ്വർണ്ണ മോഷണം ശബരിമലയിൽ നടന്നത്. പിണറായിയുടെയും കടകംപള്ളി സുരേന്ദ്രന്‍റെയും സന്തത സഹചാരിയായിരുന്നു പത്മകുമാർ. കടകംപള്ളിക്കും പിണറായിക്കും ഇക്കാര്യങ്ങളറിയാം. പത്മകുമാറിനും വാസുവിനും സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെങ്കിൽ അതിനുമുകളിലുള്ളവര്‍ക്കും ഇക്കാര്യം അറിയാം. ഉന്നത തലങ്ങളിൽ നടന്ന ആസൂത്രമാണിത്. ശബരിമലയിൽ കൊള്ള നടന്നിട്ടുണ്ടെങ്കിൽ കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ ആസൂത്രിത നീക്കം അക്കാലത്ത് നടന്നിട്ടുണ്ട്. അന്വേഷണ സംഘത്തിന് പുല്ലുവിലയാണ് ദേവസ്വം ബോർഡ് കൽപ്പിക്കുന്നത്. ശബരിമലയിലെ സ്വർണ്ണ മോഷണ കേസും പിണറായി വിജയൻ അട്ടിമറിക്കും. ഉന്നതരിലേക്ക് പോകാതിരിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. ടിപ്പു സുൽത്താൻ പരസ്യമായാണ് കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചത്. പിണറായി വിജയൻ അനുയായികളെ ഉപയോഗിച്ച് കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ്. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണം. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ സർക്കാർ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിയുടെ സ്ഥാനാർത്ഥി നിർണയം സമയമാകുമ്പോൾ നടത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.



