Asianet News MalayalamAsianet News Malayalam

ആലപ്പുഴയിലെ ബിജെപി നേതാവിന്‍റെ കൊലപാതകം; ആഭ്യന്തരവകുപ്പിനേയും സിപിഎമ്മിനേയും കുറ്റപ്പെടുത്തി ബിജെപി

സിപിഎമ്മും എസഡിപിഐയും തമ്മില്‍ സംഘര്‍ശം നിലനിന്ന പ്രദേശത്താണ് ഇന്നലെ കൊലപാതകം നടന്നത്. അതിന്‍റെ ഉത്തരവാദിത്തം ബിജെപിക്കുേമല്‍ കെട്ടിവക്കുകയാണെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

BJP Leader Murder V Muraleedharan and  K Surendran against cpm and pinarayi vijayan
Author
Thiruvananthapuram, First Published Dec 19, 2021, 11:58 AM IST

തിരുവനന്തപുരം: ആലപ്പുഴയിലെ ബിജെപി നേതാവിന്‍റെ കൊലപാതകത്തില്‍ (BJP Leader Murder) ആഭ്യന്തരവകുപ്പിനേയും സിപിഎമ്മിനേയും കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും. ഇന്നലെ നടന്ന കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതാണ് ബിജെപി നേതാവ് രഞ്ജിത്തിന്‍റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തു. സിപിഎമ്മും എസഡിപിഐയും തമ്മില്‍ സംഘര്‍ശം നിലനിന്ന പ്രദേശത്താണ് ഇന്നലെ കൊലപാതകം നടന്നത്. അതിന്‍റെ ഉത്തരവാദിത്തം ബിജെപിക്കുേമല്‍ കെട്ടിവക്കുകയാണെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

പൊലീസിന് ക്രമസമാധാനം പരിപാലിക്കാൻ അറിയില്ലെങ്കിൽ കേന്ദ്രത്തെ അറിയിക്കണം: സുരേന്ദ്രന്‍

ആലപ്പുഴ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ പോപ്പുലർ ഫ്രണ്ടെന്ന് കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് സംഘം വലിയ ഗൂഡാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്. ശ്രീനിവാസനെ തെരഞ്ഞ് പിടിച്ച് കൊല്ലുകയായിരുന്നു. വർഗ്ഗീയ കലാപം ഉണ്ടാക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ലക്ഷ്യം. ആയിരക്കണക്കിന് ആളുകളെ പരിശീലിപ്പിച്ച് താലിബാൻ മാതൃക നടപ്പാക്കുകയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നും സുരേന്ദ്രൻ ആരോപിച്ചു.

പൊലീസ് അക്രമികൾക്ക് കൂട്ടുനിൽക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് പോപ്പുലർ ഫ്രണ്ടിന്  ധൈര്യം കിട്ടിയത് പൊലീസ് അവരെ സഹായിക്കുമെന്ന ഉറപ്പിൻമേലാണ്. പൊലീസ് ബിജെപി-ആര്‍എസ്എസ് നേതാക്കളെയാണ് പിടികൂടുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പൊലീസിൽ നിന്ന് വഴിവിട്ട സഹായം ലഭിച്ചു. പൊലീസിന് ക്രമസമാധാനം പരിപാലിക്കാൻ അറിയില്ലെങ്കിൽ ഇക്കാര്യം കേന്ദ്രത്തെ അറിയിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സംഭവത്തിനോട് മുഖ്യമന്ത്രി ഒഴുക്കൻ മട്ടിലാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പോപ്പുലർ ഫ്രണ്ട് പൊതു വിപത്താണ്. കേരളം മുഴുവൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആയുധ പരിശീലനം നടത്തുന്നു. ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് പ്രവർത്തകർ കൊല്ലപ്പെട്ടിട്ടു. ഒരു നടപടിയുമില്ലെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു. അതേസമയം, എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിൽ ആര്‍എസ്എസിനം ബിജെപിക്കും പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ- സിപിഎം സംഘർഷം നിലനിന്നിരുന്ന പ്രദേശമാണ് അവിടം. ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ എസ്ഡിപിഐ വ്യക്തമാക്കിയിട്ടുണ്ടെന്നും സമാധാന പ്രതിഷേധം മാത്രമാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പോപ്പുലർ ഫ്രണ്ടിനെ നേരിടാനുള്ള ഒരു രാഷ്ട്രീയ മനസ് കേരളത്തിലില്ല. സിപിഎം സർക്കാർ അവരെ സഹായിക്കുകയാണ്. സിപിഎമ്മിന്റെ രാഷ്ടീയ സഹായമാണ് പോപ്പുലർ ഫ്രണ്ടിനെ ശക്തിപ്പെടുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊലക്ക് കൊല എന്നത് ബിജെപി നിലപാടല്ല. ആയുധമെടുത്ത് നേരിടലല്ല പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ നിഷ്ക്രിയത്വമാണ് കൊലപാതകം ആവർത്തിക്കാൻ കാരണമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

 

Follow Us:
Download App:
  • android
  • ios