ദില്ലി: ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീംകോടതി വിശാല ബഞ്ചിന്റെ വിധിക്ക് ശേഷം മാത്രമേ കേന്ദ്ര സർക്കാർ നിയമ നിർമ്മാണത്തെ കുറിച്ച് ആലോചിക്കൂ എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവന ബിജെപിയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും കൃഷ്ണ ദാസ് പ്രതികരിച്ചു. 

ശബരിമല പ്രശ്നത്തിൽ മൂന്ന് മുന്നണികളെയും ഒരുപോലെ വിമർശിച്ച എൻഎസ്എസ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വിശ്വാസികളെ സ്വാധീനിക്കാനാണ് രാഷ്ട്രീയകക്ഷികളുടെ ശ്രമമെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് നിയമ നിർമാണത്തിലൂടെ തീർക്കാവുന്ന പ്രശ്നമായിട്ടും അത് ചെയ്തില്ലെന്നും ആരോപിച്ചിരുന്നു. എന്നാൽ എൻഎസ് എസ് സിപിഎമ്മിനെയും കോൺഗ്രസിനെയുമാണ് വിമർശിച്ചതെന്നും കൃഷ്ണ ദാസ് പറഞ്ഞു. 

'ശബരിമലയിൽ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്നും കൃഷ്മദാസ് കുറ്റപ്പെടുത്തി. ബിജെപിക്ക് ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ല. മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗങ്ങൾ നേരത്തെ സ്വീകരിച്ച നിലപാടിൽ നിന്നും വ്യത്യസ്ത നിലപാട് സ്വീകരിച്ചു. പിണറായി വിജയൻ, എംഎ ബേബി, എസ് രാമചന്ദ്രൻ പിള്ള എന്നിവർ പറയുന്നതാണോ പിബി നിലപാട്? ഇക്കാര്യത്തിൽ സീതാറാം യെച്ചൂരി നിലപാട് അറിയിക്കണം.ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും നിലനിർത്തണം എന്നാണ് നിലപാട് എങ്കിൽ ബിജെപി അംഗീകരിക്കും'. തെരത്തെടുപ്പ് മുന്നിൽ കണ്ടുള്ള നിലപാടാണെങ്കിൽ അത് തുറന്നു പറയണമെന്നും കൃഷ്ണദാസ് പറഞ്ഞു.