തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ ബിജെപി മേയർ വിവി രാജേഷ് വിമാനത്താവളത്തിൽ എത്തില്ല. സുരക്ഷാ കാരണങ്ങളാൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന മറ്റ് വേദികളിൽ എത്തേണ്ടതിനാലാണ് മേയർ സ്വീകരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്
ബിജെപിയുടെ കോർപ്പറേഷൻ വിജയത്തിന് പിന്നാലെ തിരുവനന്തപുരത്ത് ഇന്നെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ മേയർ ഇല്ല. ഗവർണർ രാജേന്ദ്ര അർലേകർ മുതൽ ബിജെപി നേതാക്കൾ വരെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തുമ്പോഴാണ് മേയർ വിവി രാജേഷിൻ്റെ അസാന്നിധ്യം ചർച്ചയാവുന്നത്. സുരക്ഷാ കാരണങ്ങളാലാണ് മേയർ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്താത്തതെന്നാണ് വിവരം. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോയായി പോകുന്ന പ്രധാനമന്ത്രി, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും അതിവേഗ റെയിൽ പാത പ്രഖ്യാപനവും നടത്തും.
ഗവർണർക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉയർന്ന സൈനിക - പൊലീസ് ഉദ്യോഗസ്ഥർ, ബിജെപി നേതാക്കളുമടക്കം 22 പേരാണ് വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തുന്നത്. സാധാരണ പ്രധാനമന്ത്രി, രാഷ്ട്രപതി പോലുള്ള ഉന്നത സ്ഥാനീയർ തിരുവനന്തപുരത്ത് എത്തുമ്പോൾ സ്വീകരിക്കാൻ മേയർ പോകുന്നത് പതിവാണ്. തിരുവനന്തപുരത്തെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബിജെപി മേയർ ഉണ്ടാകുമെന്ന് ഏറെക്കാലമായി ബിജെപി നേതൃത്വം മുഴക്കുന്ന മുദ്രാവാക്യം കൂടിയാണ്. എന്നാൽ വൻ വിജയം നേടി അധികാരം പിടിച്ച ശേഷം ആദ്യമായി പ്രധാനമന്ത്രി നഗരത്തിലെത്തുമ്പോൾ മേയർ ഇല്ലാത്തതിന് കാരണമായി സുരക്ഷാ പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളിൽ മേയർ പങ്കെടുക്കുന്നുണ്ടെന്നും ഇവിടങ്ങളിൽ പ്രധാനമന്ത്രി എത്തുന്നതിന് മുൻപ് വേദിയിൽ എത്തേണ്ടതിനാലാണ് മേയർ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാത്തതെന്നുമാണ് വിശദീകരണം.


