ദില്ലി: കേരളത്തിൽ പാർട്ടിയിലെയും എൻഡിഎയിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ഇടപെടലുമായി ബിജെപി കേന്ദ്ര നേതൃത്വം. സംഘടനാ ചുമതലയുള്ള  ജനറൽ  സെക്രട്ടറി ബി എൽ സന്തോഷ്‌‌ ഈ മാസം കേരളത്തിലെത്തും. മുന്നണിയിലെ ഐക്യമില്ലായ്‌മ തെരഞ്ഞെടുപ്പിലെ മങ്ങിയ പ്രകടനത്തിന് കാരണമായെന്ന്‌ ‌ ബിഡിജെഎസ്‌  അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി നേതൃത്വത്തെ ധരിപ്പിച്ചു.

ജനുവരി അവസാന വാരത്തോടെ ബിജെപി കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കാനിരിക്കെയാണ് പ്രശ്നങ്ങൾ പരിഹരിക്കാനായി ബി എൽ സന്തോഷിനെ അയയ്ക്കുന്നത്. 15ന് കേരളത്തിൽ എത്തുന്ന ബി എൽ സന്തോഷ് പാർട്ടിയിലെ ഐക്യമില്ലായ്മയ്ക്കെതിരെ കർശന മുന്നറിയിപ്പ് നൽകും. 

ശോഭ സുരേന്ദ്രനെതിരെ പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉന്നയിച്ച പരാതിയിലും ഇടപെടലുണ്ടാകും. ശോഭാ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്‌. 

ദില്ലിയിൽ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയ തുഷാര്‍ വെള്ളാപ്പള്ളി എൻഡിഎയിലെ ഐക്യമില്ലായ്‌മ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനത്ത്‌ എത്തിയെങ്കിലും മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാന്‍ കഴിയാതിരുന്നത്‌ മുന്നണിയിലെ ആശയക്കുഴപ്പം കാരണമാണ്. പലയിടങ്ങളിലും വിജയസാധ്യത കുറഞ്ഞ സീറ്റുകളാണ് പാർട്ടിക്ക് കിട്ടിയതെന്നും തുഷാർ പരാതി അറിയിച്ചു. 

നിയമസഭ സീറ്റുകളുടെ കാര്യത്തിൽ ബി എൽ സന്തോഷുമായി കേരളത്തില്‍  വീണ്ടും ചര്‍ച്ച നടത്തും. എ പ്ലസ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിലാക്കി ഒരുക്കം തുടങ്ങാൻ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നിർദ്ദേശം നല്കിയിരുന്നു.