ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുളള സ്വത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിക്കോ കൈമാറാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക (Chief Minister Relief Fund) നല്‍കിയത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുളള ഗുരുവായൂര്‍ ദേവസ്വത്തിന്റെ (Guruvayur devaswom) തീരുമാനത്തില്‍ പ്രതിഷേധവുമായി ബിജെപി. ദേവസ്വം സ്വത്ത് ചെയര്‍മാന്റെ തറവാട്ട് സ്വത്തല്ലന്നെന്നും സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബിജെപി (BJP) വ്യക്തമാക്കി.

പ്രളയം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ക്ഷേത്രം മാനേജ്‌മെന്റ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. എന്നാല്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുളള സ്വത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിക്കോ കൈമാറാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ദേവസ്വം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ കാണിക്ക എടുത്തല്ല ചെയര്‍മാന്‍ കേസ് നടത്തേണ്ടതെന്നാണ് ബിജെപിയുടെ വാദം. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താനാണ് 10 കോടി രൂപ ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ് നല്‍കിയതെന്നും ബിജെപി ആരോപിച്ചു. 

ദേവസ്വം തീരുമാനത്തിനെതിരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനാണ് ബിജെപിയുടെ തീരുമാനം. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് ദേവസ്വം വ്യക്തമാക്കി.