Asianet News MalayalamAsianet News Malayalam

'എത്തിച്ചത് 40 കോടി, കവർന്നത് ബിജെപിക്കായി കൊണ്ടുവന്ന പണം', കൊടകരയിൽ കേന്ദ്ര ഏജൻസികൾക്ക് പൊലീസ് റിപ്പോർട്ട്

ബിജെപി നേതാക്കൾ കൂടി ഉൾപ്പെട്ട കളളപ്പണ ഇടപാട് സംബന്ധിച്ച് ഇഡിയും ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നാണ് കേരളാ പൊലീസിന്റെ ശുപാർശ. 

 

bjp related kodakara hawala case kerala police report to enforcement and income tax departments
Author
Kochi, First Published Aug 1, 2021, 12:14 PM IST

കൊച്ചി: കൊടകര കവർച്ചാക്കേസിൽ കേരളാ പൊലീസ് കേന്ദ്ര ഏജൻസികൾക്ക് നാളെ റിപ്പോർട്ട് നൽകും. ആദായ നികുതി വകുപ്പിനും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിനും ഒപ്പം തെരഞ്ഞെടുപ്പ് കമ്മീഷനേയും വിവരമറിയിക്കാനാണ് തീരുമാനം. ഇതിനായി മൂന്ന് വ്യത്യസ്ത റിപ്പോർട്ടുകൾ കേരളാ പൊലീസ് തയാറാക്കി.  ബിജെപി നേതാക്കൾ കൂടി ഉൾപ്പെട്ട കളളപ്പണ ഇടപാട് സംബന്ധിച്ച് ഇഡിയും ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നാണ് കേരളാ പൊലീസിന്റെ ശുപാർശ. 

കൊടകരയിൽ കവർച്ച ചെയ്തത് ബിജെപിക്കായി എത്തിയ കളളപ്പണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.  ഒൻപത് തവണയായി 40 കോടിയിൽപ്പരം രൂപ കേരളത്തിലേക്ക് കൊണ്ടുവന്നു. 7 തവണ ഹവാലയായും 2 തവണ നേരിട്ടും പണം കൊണ്ടുവന്നു. ബംഗലൂരുവിൽ നിന്നായിരുന്നു ഹവാല ഇടപാട്. രണ്ടുപേരാണ് അവിടെ കാര്യങ്ങൾ നിയന്ത്രിച്ചതെന്നും ബിജെപി സംസ്ഥാന നേതാക്കളെപ്പറ്റിയും റിപ്പോ‍‍ർട്ടിൽ പരാമർശിക്കുന്നു. 

കളളപ്പണ ഇടപാട് സംബന്ധിച്ച് ഇഡിയും ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നാണ് ഇവർക്കായി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. കളളപ്പണമെത്തിയത് ഗൗരവതരമാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പരിശോധിക്കണമെന്നുമാണ്  തെരഞ്ഞെടുപ്പ് കമ്മീഷനുളള റിപ്പോ‍ർട്ടിലെ ആവശ്യം. 

കൊങ്കണാപുരം കവർച്ച: തമിഴാനാട് പൊലീസും കവ‍ർച്ച അന്വേഷിക്കുന്നു

കൊടകരയ്ക്ക് മുമ്പ് നടന്ന കൊങ്കണാപുരം കവർച്ചാ കേസ് തമിഴ്നാട് പൊലീസും അന്വേഷിക്കുന്നു. ബിജെപിക്കായി കൊണ്ടുവന്ന നാലരക്കോടി കവ‍ർന്ന കേസാണ് തമിഴ്നാട് പൊലീസ് അന്വേഷിക്കാൻ തീരുമാനിച്ചത്. തമിഴ്നാട് പൊലീസ് തൃശൂരിലെത്തി കൊടകര അന്വേഷണസംഘത്തെ കണ്ടു. മാർച്ച് 6ന് വാഹനം ഉപേക്ഷിച്ചു പോയത് സംബന്ധിച്ച് കേസെടുത്തു. വാഹനം ഉപേക്ഷിച്ച കേസ് കവർച്ചാക്കേസാക്കി അന്വേഷിച്ചേക്കും. കൊടകര കേസിലെ പരാതിക്കാരൻ ധർമരാജൻ നൽകിയ മൊഴിയും തമിഴ്നാട് പൊലീസ് ശേഖരിച്ചു. ധ‍ർമരാജനേയും സഹോദരൻ ധനരാജിനേയും വിളിച്ചുവരുത്തി തമിഴ്നാട് മൊഴിയെടുക്കും. കൂത്തുപറന്പ് സ്വദേഷി അഷ്റഫിനായും അന്വേഷണം ആരംഭിക്കും. 

കൊടകര കുഴൽപ്പണക്കേസിന് മുമ്പാണ് തമിഴ്നാട്ടിലെ സേലത്തുവെച്ച് നാലരക്കോടിയോളം രൂപ കവർന്നത്. സംസ്ഥാനത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ബംഗലൂരിവിൽ നിന്ന് കൊണ്ടുവന്ന പണം കൊങ്കണാപുരത്തുവെച്ച്  ഹവാല ഇടപാടുകാർ തന്നെ തട്ടിയെടുക്കുകയായിരുന്നു. 


കൊങ്കണാപുരം കവർച്ചാ കേസ്

കൊടകര കുഴൽപ്പണക്കേസിന്‍റെ കുറ്റപത്രത്തിലും സേലം  കവർച്ചയെക്കുറിച്ച് പരാമർശമുണ്ട്. കൊടകരക്കേസിലെ പരാതിക്കാരനായ ധ‍ർമരാജന്‍റെ അടുത്ത ബന്ധവും  ഒപ്പം കൂത്തുപറന്പ് സ്വദേശിയായ  അഷ്റഫും പണം കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്നു. കൊങ്കണാപുരത്തെത്തിയപ്പോൾ ഒരു സംഘമാളുകൾ  വാഹനം തട‌ഞ്ഞ് പണം കൊണ്ടുപോയി. വാഹനം കൊങ്കണാപുരം പൊലീസ് സ്റ്റേഷനടുത്ത് നടുറോ‍‍ഡിൽ ഉപേക്ഷിച്ചു. എന്നാൽ  ഇതേക്കുറിച്ച് പരാതിപ്പെടാൻ ധർമരാജൻ തയാറായില്ല. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന അഷ്റഫ് തന്നെയാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

സംഭവം സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കളെ ധർമരാജൻ അറിയിച്ചിരുന്നു. ഇവരുടെ കൂടി സമ്മർദ്ദത്തെത്തുടർന്ന് ഒരുകോടി രൂപ അഷ്റഫ് ധർമരാജന് തിരികെ നൽകി. ഈ സംഭവങ്ങളത്രയും ഹവാല ഇടപാടുകാരായ ബംഗലൂരു സംഘത്തെയും അറിയിച്ചിരുന്നു. കൊടകര കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ധർമരാജൻ ഇക്കാര്യം സംസ്ഥാന പൊലീസിനോട് പറഞ്ഞത്. എന്നാൽ ഹവാല പണവുമായി  ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും കൊങ്കണാപുരം അടക്കം സകല കവ‍ച്ചാക്കേസുകളുകളുംതങ്ങളുടെ തലയിൽകെട്ടിവയ്ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നുമാണ് ബിജെപി നിലപാട്. 

Follow Us:
Download App:
  • android
  • ios