തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നൽകാനാണ് സർക്കാരിന്റെ നീക്കമെന്ന് രാജീവ് ചന്ദ്രശേഖർ. ഇതുസംബന്ധിച്ച് പിണറായി സർക്കാർ ഓർഡിനൻസ് ഇറക്കിയാൽ അതിൽ ഒപ്പുവെക്കരുതെന്ന് ഗവർണറോട് ആവശ്യപ്പെടുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ഗവർണറോട് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പല നടപടികളും സംശയാസ്പദമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. അതിരൂക്ഷ വിമർശനം ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടും ആരോപണവിധേയരായ ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നൽകാനാണ് സർക്കാരിന്റെ നീക്കമെന്നും രാജീവ് ചന്ദ്രശേഖർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ദേവസ്വം മന്ത്രിയുടെ രാജി, ബോര്‍ഡിനെതിരായ അന്വേഷണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാതെയും ബോര്‍ഡ് പുനഃസംഘടിപ്പിക്കാതെയും നിലവിലെ അംഗങ്ങളെ തുടരാനുള്ള അവസരമൊരുക്കുന്ന സര്‍ക്കാര്‍ നീക്കം അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടി നൽകരുതെന്നും ഇതു സംബന്ധിച്ച് പിണറായി സർക്കാർ ഓർഡിനൻസ് ഇറക്കിയാൽ അതിൽ ഒപ്പുവെക്കരുതെന്ന് ഗവർണറോട് ശക്തമായി ആവശ്യപ്പെടുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.


