ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി.

കൊച്ചി: ശബരിമല സ്വർണക്കൊളളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി വിമർശനം. സ്വർണക്കൊളള നടന്നത് 2019 മുതലാണെങ്കിലും 2018 മുതലുളള കാര്യങ്ങളിൽ അന്വേഷണം വേണമെന്ന് ദേവസ്വം ബെഞ്ച് നിർദേശിച്ചു. പകർപ്പുണ്ടാക്കിയുളള സ്വർണക്കൊളളയാണ് നടന്നതെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച് സന്നിധാനത്തടക്കം ശാസ്ത്രീയ പരിശോധനയ്ക്കും പൊലീസ് സംഘത്തിന് അനുമതി നൽകി. 

ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നൽകിയ ഹൈക്കോടതി, ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാമെന്നും വ്യക്തമാക്കി. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു.

ശബരിമല സ്വർണക്കൊളളയിൽ തിരുവിതാംകൂർ ദേവസ്വം ബോ‍ർഡിന്‍റെ പല നടപടികളും സംശയാസ്പദമാണ് എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ അതിരൂക്ഷ പരാമർശങ്ങൾ. 2019 മുതലാണ് സ്വർണക്കൊളള തുടങ്ങിയതെങ്കിലും 2018 മുതൽ 2025 വരെയുളള തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നടപടികൾ കൂടി അന്വേഷണ പരിധിലേക്ക് കൊണ്ടുവരണം. ബോർഡിന്‍റെ മിനിറ്റ്സ് ബുക്കിലടക്കം ക്രമക്കേട് നടന്നിട്ടുണ്ട്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണ പാളികള്‍ സ്മാര്‍ട്ട് ക്രിയേഷന് കൈമാറിയത് മിനിറ്റ്സില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇത് ഗൂഢാലോചനയുടെ തുടർച്ചയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശബരിമലയിൽ നടന്നത് പകർപ്പുണ്ടാക്കിയുളള സ്വർണക്കൊളളതാണ്. 2009ൽ വിജയ് മല്യ ചെമ്പുപാളികളിൽ പൊതിഞ്ഞു നൽകിയ സ്വർണം ഉരുക്കി മാറ്റിയ ശേഷം അതുപോലെന്ന് പൂശിയെടുത്ത് വിശ്വാസികളെയടക്കം പറ്റിക്കുകയായിരുന്നു. ദേവന്‍റെ സ്വത്താണ് കവർച്ച ചെയ്തതെന്ന് മറക്കരുത്. അതൊരു ഉണ്ണികൃഷ്ണൻ പോറ്റി മാത്രം വിചാരിച്ചാൽ നടക്കുന്നതല്ല. ഒട്ടും വിശ്വാസ്യതയില്ലാത്ത പോറ്റിയ്ക്ക് ഈ അമൂല്യ വസ്തുക്കൾ കൈമാറാനുളള ധൈര്യം ദേവസ്വം ബോർഡിന് എങ്ങനെയുണ്ടായി? പോറ്റിയെപ്പോലൊരാൾക്ക് സന്നിധാനത്ത് ഇത്ര സ്വാധീനവലയം എങ്ങനെ കൈവന്നു? 2025ൽ ദ്വാരപാലക ശിൽപങ്ങൾ പോറ്റിയ്ക്ക് വീണ്ടും കൈമാറാൻ ദേവസ്വം ബോർഡ് അനാവശ്യ തിടുക്കം കാട്ടി.

2019ൽ ശ്രീകോവിലിന് മുന്നിലെ വാതിൽപ്പാളി അഴിച്ചുമാറ്റിയതിലും സ്വർണം പൂശാൻ പോറ്റിക്ക് അനുമതി നൽകിയതിലും അഴിമതി സംശയിക്കേണ്ടിയിരിക്കുന്നു. വാതിൽപ്പാളിയുടെ പകർപ്പുണ്ടാക്കാൻ ശ്രീകോവിൽ തുറന്നിരുന്ന സമയത്താണ് പോറ്റിയും സംഘവും എത്തി അളവെടുത്തത്. ഇതിനൊക്കെ അനുമതി കൊടുത്തത് ആരാണ്? സ്വർണം പൂശാൻ കൊണ്ടുപോയ ചെന്നൈയിലടക്കം എന്താണ് സംഭവിച്ചത്? പോറ്റിയുടെ ആധിത്യം ദേവസ്വം ബോർ‍ഡ് ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. എന്തുമാത്രം സ്വർണം കവർച്ച ചെയ്യപ്പെട്ടു എന്നുറപ്പിക്കാൻ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നടത്താൻ അന്വേഷണസംഘത്തിന് കോടതി അനുമതി നൽകി. ഇതിനായി സാമ്പിളുകൾ ശേഖരിക്കാം. അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിലേക്ക് കുറ്റക്കാരായ ദേവസ്വം ഉദ്യോഗസ്ഥരെ കൊണ്ടുവരാൻ കഴിയുമോ പരിശോധിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ശബരിമലയിലെ അമൂല്യമായത് പലതുമാണ് ചട്ടങ്ങൾ ലംഘിച്ച് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്. സ്വർണക്കൊളളയിൽ മാത്രം ഒതുങ്ങന്നതാണോ ഇതെന്നും കോടതി ചോദിച്ചു. 

YouTube video player