സതീശൻ സർക്കാരിന്റെ ആദ്യ 100 ദിനങ്ങളെ രൂക്ഷമായി വിമർശിച്ച് രാജീവ് ചന്ദ്രശേഖർ. അഞ്ച് ഗ്യാരണ്ടികളിൽ ഒന്ന് മാത്രമാണ് സർക്കാർ നടപ്പാക്കിയതെന്ന് അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി തന്നെ വർഗീയ രാഷ്ട്രീയം കളിക്കുന്നുവെന്നും കുറ്റപ്പെടുത്തി

ദില്ലി: വി ഡി സതീശൻ സർക്കാരിന്റെ ആദ്യ 100 ദിനങ്ങൾ പിന്നിടുമ്പോൾ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം എൽ എ രംഗത്ത്. സർക്കാരിന്‍റെ വാഗ്ദാനങ്ങൾ പരിശോധിക്കേണ്ട സമയമാണിതെന്നും ഇക്കാര്യത്തിൽ വലിയ നിരാശയാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ അഞ്ച് ഗ്യാരണ്ടികൾ നൽകിയ സർക്കാർ അതിൽ ഒന്ന് മാത്രമാണ് നടപ്പാക്കിയത്. മറ്റ് ഗ്യാരണ്ടികൾ എന്തായെന്നും ബി ജെ പി അധ്യക്ഷൻ ചോദിച്ചു. സി പി എമ്മിന്റെ അഴിമതികൾക്കെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചവർ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 12,500 കോടി രൂപയുടെ കടബാധ്യത വരുത്തിവെച്ചതല്ലാതെ പുതിയ നിക്ഷേപങ്ങളോ തൊഴിലവസരങ്ങളോ സൃഷ്ടിക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു. വർഗീയത ഇല്ലാത്ത ഭരണം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി ഇപ്പോൾ വർഗീയ രാഷ്ട്രീയമാണ് കളിക്കുന്നത്. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും പറയുന്ന കാര്യങ്ങൾ മാത്രമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

ജനങ്ങളെ പൊട്ടന്മാരാക്കുന്നു

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ഒരു വലിയ സംഭവമാക്കി കാണിച്ച് ജനങ്ങളെ പൊട്ടന്മാരാക്കാൻ ശ്രമിക്കുകയാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ റെയിൽവേ വികസനത്തിൽ ഒരു വീഴ്ചയും ഉണ്ടാകാൻ പാടില്ല എന്നാണ് ബി ജെ പിയുടെ നിലപാട്. സർക്കാറിന് വാഗ്ദാനങ്ങൾ നൽകാൻ ഇല്ലാത്തതുകൊണ്ടാണ് ഇത് വിവാദം ആക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ജില്ലാ വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്ത് വേണം തീരുമാനിക്കാനെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. മെസ്സി വരുന്നത് സംബന്ധിച്ചുണ്ടായ തട്ടിപ്പുകൾ അന്വേഷിക്കേണ്ടത് വിജിലൻസല്ല, സി ബി ഐയാണെന്നും അദ്ദേഹം പറഞ്ഞു. കായിക മേഖലയുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങളെല്ലാം തട്ടിപ്പായി മാറുകയാണ്. സർക്കാരിന്റെ പരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നതെന്നും ബി ജെ പി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.