ബിജെപി സംസ്ഥാന സമിതി അംഗമായ ഹരിയുടെ നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു. നിയമനം സർക്കാർ ഗവർണ്ണർ ഒത്തു തീർപ്പിന്റെ ഭാഗം എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചത്. 

തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ (Arif Mohammed Khan) പി എ ആയി ബിജെപി (BJP) സംസ്ഥാന സമിതി അംഗം ഹരി എസ് കർത്തായെ (Hari S Kartha) നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. രാജ്ഭവൻറെ ശുപാർശ അംഗീകരിച്ചാണ് ഉത്തരവ്. ഹരി എസ് കർത്തായുടെ നിയമനത്തിനെതിരെ നേരത്തെ പ്രതിപക്ഷനേതാവ് വിമർശനം ഉന്നയിച്ചിരുന്നു. സർക്കാറും ഗവർണ്ണറും തമ്മിലുള്ള ഒത്ത് തീർപ്പിൻറെ ഭാഗമാണ് നിയമനമെന്ന ആക്ഷേപമാണ് വിഡി സതീശൻ ഉന്നയിച്ചത്. 

അതേസമയം, രാജ്ഭവൻ ശുപാർശ നൽകിയാൽ തള്ളിക്കളയാൻ അധികാരമില്ലെന്ന വാദമാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. ​ഗവർണറെ അതൃപ്‌തി അറിയിച്ചു കൊണ്ടാണ് നിയമന ഉത്തരവിറക്കിയത്. സജീവ രാഷ്ട്രീയത്തിൽ ഉള്ള ആളെ നിയമിക്കുന്ന പതിവ് ഇല്ലെന്നു ഗവർണ്ണറെ സർക്കാർ അറിയിച്ചു. നിയമനത്തിലെ പതിവ് തുടരുന്നതാവും ഉചിതം. ഗവർണ്ണർ താല്പര്യം അറിയിച്ചത് കൊണ്ടാണ് ഹരി എസ് കർത്തായെ നിയമിച്ചതെന്നും രാജ്ഭവന് നൽകിയ കത്തിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ മാസം 18നാണ് കർത്തായെ നിയമിക്കാനുള്ള കത്ത് രാജ്ഭവൻ സർക്കാരിന് നൽകിയത്. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് വിവാദത്തിനൊപ്പം നിയമനനീക്കവും ചർച്ചയായിരുന്നു. നിയമന ശുപാർശ ആഴ്ചകളോളം മുഖ്യമന്ത്രിയുടെ പരിഗണനയിലായിരുന്നു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗവർണ്ണർ ഒപ്പിട്ടതും കർത്തായുടെ നിയമനവും സർക്കാരും ഗവർണ്ണറും തമ്മിലെ കൊടുക്കൽ വാങ്ങൽ പ്രകാരമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഗവർണ്ണർ- സർക്കാർ പ്രശ്നം തീർക്കാൻ ബിജെപി ഇടനില നിന്നുവെന്ന അന്നത്തെ ആക്ഷേപം നിയമനം വഴി പ്രതിപക്ഷം കൂടുതൽ ശക്തമാക്കും. അത് കൂടി മുൻനിർത്തിയാണ് വിയോജിപ്പ് രേഖപ്പെടുത്തി സർക്കാർ നിയമനം നൽകിയത്. 

YouTube video player

Read Also: എസ്എഫ്ഐ സ്ഥാനാർത്ഥി ടിസി വാങ്ങിപ്പോയി, യൂണിവേഴ്സിറ്റി കോളേജ് ആർട്സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം കെഎസ് യുവിന്