Asianet News MalayalamAsianet News Malayalam

ന്യൂനപക്ഷ സ്കോളർഷിപ്പ്: സുപ്രീംകോടതി നിലപാട് സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഒരു വിഭാഗത്തിനോട് പക്ഷപാതിത്വം കാണിച്ച സർക്കാർ തെറ്റുതിരുത്താൻ തയ്യാറാവണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

BJP State president K Suredran response on  Minority scholarship supreme court stand
Author
Kozhikode, First Published Oct 29, 2021, 6:10 PM IST

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ(minority scholarship)  80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി(High court) വിധി സ്റ്റേ ചെയ്യാത്ത സുപ്രീംകോടതി(Supreme Court) നിലപാട് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് ബിജെപി(bjp) സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ(K  Surendran). സംസ്ഥാന സർക്കാരിന്‍റെ  മതേതരത്വനിലപാട് പൊള്ളയാണെന്ന് ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെ എല്ലാവർക്കും ബോധ്യമായെന്നും കെ  സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഒരു വിഭാഗത്തിനോട് പക്ഷപാതിത്വം കാണിച്ച സർക്കാർ തെറ്റുതിരുത്താൻ തയ്യാറാവണം. രണ്ട് ന്യൂനപക്ഷവിഭാഗങ്ങളെയും തുല്ല്യമായി കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാൻ കാണിച്ച തിടുക്കം ഈ കേസിൽ ഇല്ലാത്തത് എന്താണ്? ന്യൂനപക്ഷ അവകാശങ്ങൾ ഒരു വിഭാഗത്തിന് മാത്രം ലഭിക്കേണ്ടതല്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 

എല്ലാവർക്കും അവകാശങ്ങൾ ലഭ്യമാക്കാനാണ് കോടതി വിധി വന്നത്. അത് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഒളിച്ചുകളി അവസാനിപ്പിച്ച് കോടതി വിധി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ധൈര്യം കാണിക്കണം. വോട്ട് ബാങ്ക് താത്പര്യം മാറ്റിവെച്ച് സർക്കാരും ഇടതുമുന്നണിയും എല്ലാവർക്കും തുല്ല്യനീതി ഉറപ്പ് വരുത്തണമെന്നും സുരേന്ദ്രൻ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം നിരസിച്ച കോടതി കേസിലെ കക്ഷിക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റ്റിസ് എൽ നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി പരിഗണിച്ചത്. 80:20  അനുപാതം റദ്ദാക്കി ജനസംഖ്യാടിസ്ഥാനത്തിലാവണം സ്കോളര്‍ഷിപ്പ് നൽകണ്ടതെന്നായിരുന്നു കേരള ഹൈക്കോടതി വിധി. 

ന്യൂനപക്ഷ സ്കോളർഷിപ്പ് തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ല. ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ നൽകുന്നത് വിവേചനം ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിക്കാതെ സ്കോളര്‍ഷിപ്പ് നൽകിയാൽ അത് അനര്‍ഹര്‍ക്കായിരിക്കും ലഭിക്കുക എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ വാദം. 80:20  അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ സിറോമലബാര്‍ സഭ  പ്രതിക്ഷേധം രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നായിരുന്നു സഭാ നിലപാട്. 

Read More: ന്യൂനപക്ഷ സ്കോളർഷിപ്പ് ; ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

Follow Us:
Download App:
  • android
  • ios