തിരുവനന്തപുരം: കേരളത്തില്‍ വിജിലന്‍സ് അന്വേഷണങ്ങള്‍ക്കെന്ത് പ്രസക്തിയെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ കെ കുഞ്ഞാലിക്കുട്ടി വരെ എത്തി നില്‍ക്കുന്നതുമായ പാലാരിവട്ടം അഴിമതി അന്വേഷണം ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

കൊട്ടിഘോഷിക്കപ്പെട്ട കെ ബാബുവിന്റെ കേസിനെന്ത് സംഭവിച്ചെന്നും ചന്ദ്രിക പത്രത്തിലൂടെ 10 കോടി വെളിപ്പിച്ച കേസില്‍ അന്വേഷണം വഴിയുമുട്ടിയത് എന്തുകൊണ്ടാണെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ചോദിച്ചു. ഇപ്പോള്‍ കാണുന്നതെല്ലാം വെറും പൊറാട്ടുനാടകങ്ങള്‍ മാത്രമാണെന്നും സാമൂഹ്യമാധ്യമങ്ങളില്‍ രക്തസാക്ഷി പരിവേഷം നല്‍കുന്നവര്‍ മലബാര്‍ സിമന്റ്‌സും ടൈറ്റാനിയവുമടക്കം നൂറുനൂറുകേസ്സുകള്‍ അട്ടിമറിച്ചത് ഇരുമുന്നണികളും ചേര്‍ന്നുതന്നെയാണെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളിന് ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ അഴീക്കോട് എംഎല്‍എ കെ എം ഷാജി 10 ലക്ഷം വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് വിജിലന്‍സിന് അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് കേരളത്തില്‍ എന്തു പ്രസക്തിയാണുള്ളത്? മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് പ്രതിയായതും മുസ്#ലിം ലീഗിന്റെ തലമുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടിവരെ എത്തിനിന്നതുമായ പാലാരിവട്ടം അഴിമതി അന്വേഷണം ഇപ്പോള്‍ എവിടെയാണ് എത്തി നില്‍ക്കുന്നത്? പത്തുകോടി രൂപ ഈ ഇനത്തില്‍ കള്ളപ്പണം നോട്ടുനിരോധനകാലത്ത് ചന്ദ്രിക പത്രം വഴി വെളുപ്പിച്ചത് ഈയിടെ വലിയ വാര്‍ത്തയായിരുന്നില്ലേ? എന്തുകൊണ്ടാണ് അന്വേഷണം വഴിമുട്ടിയത്?

കൊട്ടിഘോഷിക്കപ്പെട്ട കെ ബാബുവിന്റെ കേസിനെന്തു സംഭവിച്ചു? മുനീറിന്റെ കേസ് എവിടെയാണിപ്പോള്‍? രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള അന്വേഷണം എന്തുകൊണ്ട് നിലച്ചു? കേരളത്തില്‍ ഇന്നേവരെ ഏതെങ്കിലും ഒരു വിജിലന്‍സ് അന്വേഷണത്തില്‍ അഴിമതിക്കാര്‍ കുടുങ്ങിയിട്ടുണ്ടോ? ആര്‍. ബാലകൃഷ്ണപിള്ളയുടെ കാര്യം വിസ്മരിക്കുന്നില്ല. ഇപ്പോള്‍ കാണുന്നതെല്ലാം വെറും പൊറാട്ടുനാടകങ്ങള്‍ മാത്രം. സാമൂഹ്യമാധ്യമങ്ങളില്‍ രക്തസാക്ഷി പരിവേഷം നല്‍കുന്നവര്‍ ഓര്‍മ്മിക്കുക മലബാര്‍ സിമന്റ്‌സും ടൈറ്റാനിയവുമടക്കം നൂറുനൂറുകേസുകള്‍ അട്ടിമറിച്ചത് ഇരുമുന്നണികളും ചേര്‍ന്നുതന്നെയാണെന്ന്....