Asianet News MalayalamAsianet News Malayalam

'മോദിക്കെതിരായ രാഹുലിനെ പോലെയാണ് പിണറായിക്കെതിരായ ചെന്നിത്തല'; കെ സുരേന്ദ്രന്‍

കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാരിനോട് രാഹുൽ ​ഗാന്ധി സ്വീകരിക്കുന്ന അതേ സമീപനം തന്നെയാണ് കേരളത്തിൽ രമേശ് ചെന്നിത്തലയും സ്വീകരിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

bjp state president k surendran says about opposition party
Author
Trivandrum, First Published Apr 11, 2020, 2:40 PM IST

തിരുവനന്തപുരം: രാവിലെ വന്ന് സർക്കാരിനെ വിമർശിക്കുക എന്ന അജണ്ട മാത്രമാണ് പ്രതിപക്ഷം നടപ്പിലാക്കുന്നതെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിഷേധാത്മകമായ രീതിയാണ്  ഇവർ പിന്തുടരുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൊവിഡ് പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുക എന്നത് പ്രതിപക്ഷത്തിന്റെ പതിവ് പരിപാടിയായി മാറുന്നത് ശരിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ക്രിയാത്മകമായ വിമർശനം പ്രതിപക്ഷം നടത്തണം. പക്ഷേ അത് വിമർശിക്കാൻ വേണ്ടി മാത്രമുള്ള ഒരു പതിവ് പരിപാടിയായി മാറുന്നത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്. ​ഗവൺമെന്റിന്റെ ക്രിയാത്മകമായ പദ്ധതികളുമായി സഹകരിക്കുകയാണ് രാഷ്ട്രീയപാർട്ടികളെല്ലാവരും ഇപ്പോൾ ചെയ്യുന്നത്. സുരേന്ദ്രൻ പറഞ്ഞു. 

കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാരിനോട് രാഹുൽ ​ഗാന്ധി സ്വീകരിക്കുന്ന അതേ സമീപനം തന്നെയാണ് കേരളത്തിൽ രമേശ് ചെന്നിത്തലയും സ്വീകരിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. എന്നും രാവിലെ വന്ന് സർക്കാരിനെതിരെ നാലെണ്ണം പറഞ്ഞിട്ടു പോകും. എന്നിട്ട് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയിട്ട് കുറെ വീഡിയോയും ഫോൺവിളികളുമൊക്കെ നടത്തും. ഇത് ക്രിയാത്മകമായ പ്രതിപക്ഷത്തിന്റെ ജോലിയല്ല. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്ന് ഞങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്. ഗവൺമെന്റിനെ വിമർശിക്കാൻ വേണ്ടി മാത്രം ദിവസവും രാവിലെ കുളിച്ച് കുപ്പായമൊക്കെ ഇട്ട് വരുന്നത് ഈ സന്ദർഭത്തിൽ ശരിയല്ലെന്നാണ് പറയാനുള്ളതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ചില ആളുകൾ ഭിന്നിപ്പിന്റെ രാഷ്ട്രീയം കാണിക്കുന്നുണ്ട്. തോമസ് ഐസക്കിനെ പോലെയുള്ള ആളുകൾ ഒന്നും കേരളത്തിന് കിട്ടുന്നില്ല എന്ന് വളരെ ​നെ​ഗറ്റീവായി പറയുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകർക്ക് മറുപടി നൽകവേ പറഞ്ഞു. 

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിൽ സർക്കാർ മികച്ച നടപടികളാണ് എടുത്തിരിക്കുന്നത്. നിലിവിലെ ആരോ​ഗ്യ സംവിധാനങ്ങളെ മികച്ച രീതിയിലാണ് സർക്കാർ പ്രയോജനപ്പെടുത്തുന്നത്. അതൊന്നും കാണാതിരിക്കരുത്. നോക്കൂകൂലി വാങ്ങുന്നത് പോലെയുള്ള സംഭവങ്ങളിൽ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുള്ളവരുമായി പ്രതിപക്ഷ നേതാവ് ഫോൺസംഭാഷണം നടത്തിയതിനെക്കുറിച്ചും കെ. സുരേന്ദ്രൻ പരാമർശിച്ചു. അദ്ദേഹം വിളിച്ച പലരും കേരളത്തിൽ തന്നെയുണ്ടായിരുന്നു എന്നാണ് ലഭിച്ച അറിവ് എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഇത്തരം കാര്യങ്ങൾ വീഡിയോ എടുത്ത് പ്രചരണ വിഷയമാക്കാറില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേ പോലെ തന്നെ കൊവിഡ് രോ​ഗികളുടെ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് കൈമാറിയ സംഭവം അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ പ്രഖ്യാപിക്കുന്ന പല പദ്ധതികളും പ്രാവർത്തികമാകുന്നുണ്ടോ എന്ന കാര്യം സംശയമാണെന്നും അതൊരു പോരായ്മയാണെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. കേന്ദ്രമായാലും സംസ്ഥാനമായാലും സർക്കാർ ജനങ്ങളുടേതാണ്. ജനങ്ങളെ സഹായിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനൊപ്പമോ സർക്കാരിന് മുമ്പോ ജനങ്ങളെ സഹായിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ജോലിയാണെന്നുമായിരുന്നു കെ. സുരേന്ദ്രന്റെ അഭിപ്രായം.  

Follow Us:
Download App:
  • android
  • ios