രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം കെ) ചന്ദ്രശേഖർ അന്തരിച്ചു. 92 വയസായിരുന്നു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം കെ) ചന്ദ്രശേഖർ അന്തരിച്ചു. 92 വയസായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം കെ ചന്ദ്രശേഖർ എയർ കമ്മഡോറായി 1986 ൽ വിരമിച്ചു. തൃശ്ശൂർ ദേശമംഗലം സ്വദേശിയാണ്. 

ഇന്ത്യൻ വ്യോമസേനയുടെ അഭിമാന ചിഹ്നമായ ഡെക്കോട്ട വിമാനത്തിന്‍റെ വൈമാനികനായിരുന്നു നീണ്ടകാലം എയർ കമ്മഡോർ എം കെ ചന്ദ്രശേഖർ. 1933 ൽ തൃശ്ശൂർ ദേശമംഗലത്ത് ടി ഗോവിന്ദൻ നായരുടെ മകനായി എം.കെ ചന്ദ്രശഖറിന്‍റെ ജനനം. വിദ്യാഭ്യാസത്തിന് ശേഷം 1954ൽ അദ്ദേഹം ഇന്ത്യൻ വ്യോമസേനയുടെ ചേർന്നു.1986ൽ എയർ കമ്മഡോറായി വിരമിച്ചു. ഇക്കാല ഘട്ടത്തിനിടയിൽ ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിന്‍റെ ഭാഗമായ നിർണ്ണായക ഓപ്പറേഷനുകളുടെ പങ്കെടുത്തു. 1947 മുതൽ 1971വരെ ഈ വിമാനം വായുസേനയുടെ അഭിമാനമായിരുന്നു ഡെക്കോട്ട വിമാനങ്ങൾ. പാകിസ്ഥാനും ബംഗ്ലാദേശിനും എതിരായ യുദ്ധങ്ങളിൽ അദ്ദേഹം ഡെക്കോട്ട വിമാനങ്ങൾ പറത്തി. 

കാലപ്പഴക്കത്താൽ ഡെക്കോട്ട വിമാനങ്ങളെ സൈന്യത്തിൽ നിന്ന് പിൻവലിച്ചെങ്കിലും പിതാവിന്‍റെ യുദ്ധ സ്മരണകൾ നിറഞ്ഞു നിൽക്കുന്ന വിമാനം മകൻ രാജീവ് ചന്ദ്രശേഖർ ഇംഗ്ലണ്ടിൽ നിന്ന് തിരികെ എത്തിച്ച് കേടുപാടുകൾ തീർത്ത് വ്യോമസേനയ്ക്ക് തന്നെ സമ്മാനിച്ചു. പഴയ വി.പി 905 എന്ന നന്പർ നൽകിയാണ് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ബി എസ് ധനോവ എം കെ ചന്ദ്രശേഖറിൽ നിന്ന് ഡക്കോട്ട ഏറ്റുവാങ്ങിയത്. ബെംഗളൂരുവിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. 

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിന്‍റെ കൂടി ഭാഗമായ വൈമാനികനാണ് എം.കെ ചന്ദ്രശേഖറിന്‍റെ വിയോഗത്തോടെ വിട വാങ്ങുന്നത്. ആനന്ദവല്ലിയാണ് ഭാര്യ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സഹോദരി ഡോ.ദയ മേനോൻ എന്നിവർ മക്കളാണ്. മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യു എസ് എ). സംസ്കാരം പിന്നീട്.

YouTube video player