അയ്യപ്പസം​ഗമം രാഷ്ട്രീയ നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

തിരുവനന്തപുരം: അയ്യപ്പസം​ഗമം രാഷ്ട്രീയ നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സം​ഗമത്തിന് സ്റ്റാലിനെ ക്ഷണിച്ചതെന്തിനാണെന്നും ഹിന്ദു വോട്ട് കിട്ടാനാണോ അയ്യപ്പസം​ഗമം നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. മുഖ്യമന്ത്രിയുടെ വിമർശനത്തിന് വാര്‍ത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ. കേരളത്തെ കുറിച്ച് അറിയില്ലെന്ന ആക്ഷേപത്തിന് താൻ രാഷ്ട്രീയ വിദ്വാൻ ആണെന്ന് പറഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ മറുപടി നൽകി. ശബരിമലയിൽ പതിനെട്ടു പടി ചവിട്ടിയിട്ടുണ്ട്. ശബരിമലയെ കുറിച്ച് അത്യാവശ്യം വിവരമുണ്ട്. കാൾ മാക്സിനെ വായിച്ചു മുഖ്യമന്ത്രിയെ പോലെ ഒരു വിദ്വാൻ ആകാൻ ആഗ്രഹമില്ല. 

സർക്കാർ പരിപാടി അല്ലെങ്കിൽ എന്തിന് സ്റ്റാലിനെ ക്ഷണിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ഹിന്ദു വൈറസ് ആണെന്നു പറഞ്ഞ സ്റ്റാലിനും ഭക്തരെ ദ്രോഹിച്ച മുഖ്യമന്ത്രിയും അവിടെ പോകാൻ പാടില്ല. സർക്കാർ പരിപാടി അല്ലെങ്കിൽ മുഖ്യമന്ത്രി എന്തിന് സംസാരിക്കുന്നു? ദേവസ്വം ബോർഡ് ചെയർമാൻ അല്ലേ സംസാരിക്കേണ്ടത്? മുഖ്യമന്ത്രി നാസ്തികനാണ്. അദ്ദേഹം ആരാധനയെ കുറിച്ച് പറയുമ്പോൾ ആര് വിശ്വസിക്കും? വിശ്വാസി അല്ലാത്ത മുഖ്യമന്ത്രി ആണോ പരിപാടി നടത്തുന്നത്? മുസ്ലിം സമുദായത്തിന് എതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ, മുസ്ലിങ്ങൾക്കുള്ള പരിപാടിയിലേക്ക് മുഖ്യമന്ത്രി അവരെ വിളിക്കുമോ? വിരട്ടൽ രാഷ്ട്രീയം തങ്ങളുടേതല്ലെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖര്‍ ദാസ് ക്യാപിറ്റൽ വിദ്വാൻ ആകാൻ തനിക്ക് താല്പര്യം ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു. 

കൃഷ്ണകുമാറിന് എതിരെയുള്ള പരാതി ബോംബോ പടക്കമോ ഒന്നുമല്ലെന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സ്ട്രാറ്റജിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. പരാതിക്ക് മറുപടി കൊടുക്കും. അത് ഇപ്പോൾ പറയുന്നില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു. 

Asianet News Live | Malayalam News Live | Onam 2025 | Latest Kerala Updates | Live Breaking News