ബിജെപി സ്ഥാനാര്‍ത്ഥി എ.എൻ രാധാകൃഷ്ണൻ ഉപതെരഞ്ഞെടുപ്പിൽ നാമനി‍ദേശപത്രിക സമ‍ര്‍പ്പിച്ചു. 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭാ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി നീക്കം സജീവമാക്കി. ക്രൈസ്തവ സഭയ്ക്ക് ആശങ്കയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സഭയുടെ ആശങ്ക ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടായി മാറുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇന്ധനവില വ‍ര്‍ധന ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാവില്ല. സംസ്ഥാന സ‍ര്‍ക്കാര്‍ ശ്രമിച്ചിട്ടും കെ റെയിൽ വരാതെ തടഞ്ഞു നിര്‍ത്തുന്ന കേന്ദ്രസ‍ര്‍ക്കാരിൻ്റെ നിലപാട് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും തൃക്കാക്കരയിൽ ആം ആദ്മി പാ‍ര്‍ട്ടി മത്സരരംഗത്ത് നിന്നും മാറിയതിനാൽ അതിൻ്റെ ഗുണം ബിജെപിക്ക് ലഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിക്കായി പി.സി.ജോര്‍ജ് പ്രചാരണത്തിന് വരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. 

അതിനിടെ ബിജെപി സ്ഥാനാര്‍ത്ഥി എ.എൻ രാധാകൃഷ്ണൻ ഉപതെരഞ്ഞെടുപ്പിൽ നാമനി‍ദേശപത്രിക സമ‍ര്‍പ്പിച്ചു. തൃക്കാക്കര ഗാന്ധി സ്ക്വയറിൽ നിന്നും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും കുമ്മനം രാജശേഖരനും അടക്കമുള്ള നേതാക്കൾക്കൊപ്പം ജാഥയായിട്ടാണ് പത്രികാ സമ‍ര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി എത്തിയത്. രണ്ട് സെറ്റ് പത്രികയാണ് എ.എൻ.രാധാകൃഷ്ണൻ സമ‍ര്‍പ്പിച്ചത്. 

അതിനിടെ ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ കൊച്ചി പാലാരിവട്ടം പൊലീസ് കേസെടുത്തു. സമൂഹത്തിൽ മതസ്പ‍ര്‍ധയുണ്ടാകും വിധം പ്രസംഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വെണ്ണലയിൽ നടന്ന ഒരു പരിപാടിയിൽ പിസി ജ‍ോര്‍ജ് നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷൻ നൽകിയ ഹ‍ര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കുന്നതിനിടെയാണ് പുതിയ കേസ് വരുന്നത്. 153 എ,295 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.