ദില്ലി: അടൂര്‍ ഗോപാലൃകൃഷ്ണനെതിരായ ബിജെപി കടന്നാക്രമണം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ്. ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍റെ ഭീഷണിയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയാണ് കോൺഗ്രസ് നോട്ടീസ് നൽകിയത്. ആവശ്യം സ്പീക്കര്‍ തള്ളി.  ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്നായിരുന്നു ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബിജെപി കടന്നാക്രമണം.

 'ജയ് ശ്രീറാം' വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറ‍ഞ്ഞിരുന്നു.  ഇത് രാമയണമാസമാണെന്നും ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും ഇതു കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും റോക്കറ്റിലേറി ബഹിരാകശത്തേക്ക് പോകാമെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. 

ബി ഗോപാലകൃഷ്ണന് പിന്നാലെ അടൂര്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ചും  അതിനെതിരെ പ്രതിരോധമുയര്‍ത്തിയും ധാരാളം പ്രതികരണങ്ങൾ വന്നതോടെ സംഭവം വലിയ വിവാദവുമായി. ഈ സാഹചര്യത്തിലാണ് പ്രശ്നം ലോക്സഭയിൽ ഉന്നയിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള കോൺഗ്രസ് നോട്ടീസ് സ്പീക്കര്‍ തള്ളുകയായിരുന്നു

ബി ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം... 

ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്. കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്. ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും. എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.

ഇൻഡ്യയിൽ ജയ് ശ്രീരാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇൻഡ്യയിൽവിളിച്ചില്ലങ്കിൽ പിന്നെ എവിടെ വിളിക്കും. ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ട് പടിക്കൽ ഉപവാസം കിടന്നേനെ.

 സർ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുത്. ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും.  ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും. സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ...മൗനവൃതത്തിലായിരുന്നൊ?

ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം. കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ... പരമപുഛത്തോടെ...