ദേവസഹായത്തിന് നേരെ കരടി ചാടിവീണ് ആക്രമിക്കുകയായിരുന്നു. ഇയാളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വളര്‍ത്തുനായ്ക്കള്‍ കരടിയെ കടിച്ചോടിച്ചു.
നാഗര്‍കോവില്‍: നാഗര്‍കോവിലില്‍ കര്‍ഷകന് നേരെ കരടിയുടെ ആക്രമണം. കൃഷിയിടത്തില്‍ വച്ച് മധ്യവയസ്കനായ കര്‍ഷകനെ ആക്രമിച്ച കരടിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചോടിച്ചു. അരുവായ്മൊഴി സമത്വപുരം സ്വദേശി ദേവസഹായ(60)ത്തെയാണ് കഴിഞ്ഞ ദിവസം കരടി ആക്രമിച്ചത്. പൊയ്ഗൈ ഡാമിനടുത്തുള്ള കൃഷിയിടത്തില്‍ വച്ചാണ് സംഭവം നടന്നത്.
മാവും കശുമാവും കൃഷിചെയ്യുന്ന സ്ഥലത്ത് എത്തിയതായിരുന്നു ദേവസഹായം. കൂടെ മൂന്ന് വളര്‍ത്തുനായ്ക്കളും ഉണ്ടായിരുന്നു. പെട്ടന്ന് ദേവസഹായത്തിന് നേരെ കരടി ചാടിവീണ് ആക്രമിക്കുകയായിരുന്നു. ഇയാളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വളര്‍ത്തുനായ്ക്കള്‍ കരടിയെ കടിച്ചോടിച്ചു. നായ്ക്കളുടെ പ്രതിരോധത്തില്‍ ചെറുത്തു നില്‍ക്കാനാവാതെ കരടി ഓടി രക്ഷപ്പെട്ടു.
ആക്രമണത്തില്‍ അവശനായ ദേവസഹായം വിവരം ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളും വനപാലകരും നാട്ടുകാരും സ്ഥലത്തെത്തി. കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ദേവസഹായത്തെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
