കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തിന്‍റെ യാഥാര്‍ത്ഥ കാരണമെന്തെന്ന് സൂചന നല്‍കുന്ന നിർണ്ണായക തെളിവുകളായ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്ക് പിറ്റ് വോയ്സ് റെക്കോഡറും കണ്ടെടുത്തു. കോക്പിറ്റ് വോയിസ് റെക്കോഡറില്‍ നിന്ന് വിമാനത്തിന്‍റെ പെര്‍ഫോമന്‍സ്, സ്പീഡ്, ബ്രേക്കിംഗ്, സിസ്റ്റം സ്റ്റാറ്റസ്, പൈലറ്റുമാര്‍ തമ്മിലെ സംഭാഷണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താനാകും. ഇവ ദില്ലിയിലെത്തിച്ച് ശാസ്ത്രീയമായി പരിശോധിക്കും.

അപകടത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണ സംഘത്തിന് സൂചന കിട്ടിയതായാണ് വിവരം.പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.തുടര്‍ നടപടികള്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഒയുടെ നേതൃത്വത്തിൽ ആഭ്യന്തരഅന്വേഷണത്തിനായി ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം കരിപ്പൂരിലെത്തിയിട്ടുണ്ട്. യാത്രക്കാരുടെ ബാഗുകള്‍ തിരിച്ച് എത്തിക്കാന്‍ സൗകര്യം ഒരുക്കിയതായി മന്ത്രി എസി മൊയ്തീന്‍ അറിയിച്ചു.

ഇന്ന് പുലർച്ചെ തന്നെ കരിപ്പൂരിൽ നിന്നുള്ള ആഭ്യന്തര സർവ്വീസുകൾ പുനരാരംഭിച്ചു. അന്താരാഷ്ട്ര ഫ്ലൈറ്റുകളുടെ കാര്യത്തിൽ തീരുമാനമായില്ല. കോഴിക്കോട് ,മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി നിലവില്‍ 149 പേരാണ് ചികിത്സയില്‍ ഉള്ളത്. പതിനാല് പേരുടെ പരിക്ക് ഗുരുതരമാണ്. 23 പേര്‍ ആശുപത്രി വിട്ടു. കരിപ്പൂരിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപവീതം  കേന്ദ്രസർക്കാരിന്റെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.