കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിടി സൂരജിനെയും ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ഷഹബാസ്, എം.പി.രാഗിൻ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മറ്റ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി

കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിന്നും മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ പ്രതിഷേധം.

കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഹോട്ടലിലാണ് കെഎസ്‌യു എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിടി സൂരജിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഒപ്പം ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ഷഹബാസ്, എം.പി.രാഗിൻ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ കൂടുതൽ പ്രവര്‍ത്തകര്‍ ഇവിടെ തമ്പടിച്ചിരുന്നു. പൊലീസുകാര്‍ക്ക് ഇവരെ തിരിച്ചറിയാൻ സാധിച്ചതുമില്ല. മുഖ്യമന്ത്രിയുടെ വാഹനം അടുത്തേക്ക് എത്തിയപ്പോൾ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെയും 2 എംഎസ്എഫ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്