തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ളാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താൽക്കാലിക പരിഹാരം. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണം കേന്ദ്രം അനുവദിച്ച ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്ന് കേരളത്തിൽ എത്തി. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നാണ് എത്തിയത്. 240 വയൽ മരുന്നാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. ഇത് ആശുപത്രികളിലേക്ക് കെഎം എസ് സി എൽ വഴി വിതരണം ചെയ്യും. 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക് ഫംഗസ് രോഗികൾ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടക്കം മരുന്ന് ക്ഷാമം നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു. കേരളത്തിന് പുറത്ത് നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികള്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബാംഗളൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് രോഗികള്‍ എത്തിയത്. എന്നാല്‍ മരുന്ന് തീര്‍ന്നതോടെ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാന‍് കഴിയാത്ത അവസ്ഥയിലായിരുന്നു അധികൃതര്‍. കൂടുതൽ മരുന്ന് എത്തിയത് പ്രതിസന്ധിക്ക് നിലവിൽ പരിഹാരമായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona