കൊച്ചി: തനിക്കെതിരെ കള്ളപ്പണക്കേസ് പരാതി നൽകിയ ഗിരീഷ് ബാബു രണ്ട് വട്ടം വീട്ടിൽ വന്ന് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. കള്ളപ്പണക്കേസില്‍ പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയും കൈക്കൂലി വാഗ്ദാനം ചെയ്തെന്നുമുള്ള ഗിരീഷ് ബാബുവിന്റെ പരാതിയിൽ വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യൽ നടന്നത്. പരാതിക്കാരനായ ഗിരീഷ് ബാബു ഏപ്രിൽ 21 നും മെയ് രണ്ടിനും തന്റെ വീട്ടിലെത്തിയെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പത്ത് ലക്ഷം രൂപ കൊടുത്താൽ പരാതി പിൻവലിക്കുമെന്നും ഭാവിയിൽ ഉപദ്രവിക്കില്ലെന്നുമായിരുന്നു വാഗ്ദാനം. തനിക്കെതിരെ നടക്കുന്നത് ബ്ലാക് മെയിലിങാണ്. 

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളല്ല പരാതിക്ക് പിന്നിലുള്ളത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് പരാതി നൽകാൻ ആർക്കും സാധിക്കും. പരാതിക്കാരനായ ഗിരീഷ് ബാബു സ്ഥിരമായി പരാതി നൽകുകയും ഒത്തുതീർപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന ആളാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇയാൾ നൽകിയ പരാതികളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു.

നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന്‍റെ നിയന്ത്രണത്തിലായിരുന്ന ചന്ദ്രിക ദിനപ്പത്രത്തിന്‍റെ കൊച്ചിയിലെ രണ്ട് അക്കൗണ്ടുകൾ വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് പ്രധാന കേസ്. പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ച കള്ളപ്പണമാണിതെന്ന് ആരോപണം ഉയർന്നിരുന്നു. ഗിരീഷ് ബാബുവിന്‍റെ പരാതിയിൽ ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്‌സ്‌മെന്‍റ് ഇബ്രാഹിം കുഞ്ഞിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്. 

ഈ കേസിൽ നിന്ന് പിന്മാറാൻ ഇബ്രാഹിം കുഞ്ഞ് അഞ്ചുലക്ഷം വാഗ്ദാനം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ഗിരീഷ് ബാബു വീണ്ടും കോടതിയെ സമീപിച്ചിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസിന് കോടതി നിർദ്ദേശം നൽകി. ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പണം വാഗ്ദാനം ചെയ്തതെന്നായിരുന്നു ഗിരീഷ് ബാബുവിന്റെ പരാതി. കേസ് പിൻവലിക്കാൻ കഴിയില്ലെങ്കിൽ എറണാകുളത്തെ ചില ലീഗ് നേതാക്കളുടെ പ്രേരണ മൂലമാണ് കേസ് നൽകിയതെന്ന് കത്ത് നൽകാനും ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടെന്ന് ഗിരീഷ്ബാബു പരാതിയിൽ പറഞ്ഞിരുന്നു.