പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ടത് ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമായാണെന്ന് പൊലീസ് കണ്ടെത്തി. കാപ്പ കേസ് പ്രതിയായ മുഹമ്മദ്‌ റോഷൻ, തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെടുകയും ഇത് നിരസിച്ചപ്പോൾ വ്യാജ അക്കൗണ്ടിലൂടെ അപകീർത്തിപ്പെടുത്തുകയുമായിരുന്നു. പ്രതി ഒളിവിലാണെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും അറിയിച്ചു

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങൾക്ക് എതിരെ അപകീർത്തികരമായ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ടത് ബ്ലാക്ക് മെയിലിംഗായിരുന്നെന്ന് പൊലീസ്. കാപ്പ കേസ് പ്രതി മുഹമ്മദ്‌ റോഷനാണ് സാദിഖലി തങ്ങൾക്കെതിരായ ബ്ലാക്ക് മെയിലിംഗിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വ്യാജ ദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോളാണ് വ്യാജ എഫ് ബി അക്കൗണ്ട് ഉണ്ടാക്കി തങ്ങളെ അപകീർത്തിപ്പെടുത്തിയത്. മു ഈനലി തങ്ങളെയാണ് മുഹമ്മദ്‌ റോഷൻ പണത്തിനായി സമീപിച്ചത്. റോഷൻ പെരിന്തൽമണ്ണ സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇടനിലക്കാർ വഴി ആയിരുന്നു ഭീഷണി. റോഷനാണ് ഭീഷണിക്ക് പിന്നിലെങ്കിലും ഇയാൾ തന്നെയാണോ വിവാദ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ടതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ ഐ പി അഡ്രസ് ഉൾപ്പെടെ ശാസ്ത്രീയ തെളിവ് കിട്ടേണ്ടതുണ്ടെന്ന് സൈബർ പൊലിസ് വ്യക്തമാക്കി. സാദിഖലിക്കെതിരായ പോസ്റ്റിനെതിരെ മുസ്ലിം ലീഗ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പെരിന്തൽമണ്ണ പൊലീസാണ് കേസ് എടുത്തത്. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. ഇയാൾ ഒളിവിലാണെന്നും വൈകാതെ പിടികുടാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

വിശദവിവരങ്ങൾ

സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഷാൻ ഷാനു എന്ന ഫേസ്ബുക്ക്‌ പ്രൊഫൈലിൽ ആയിരുന്നു ആദ്യം പോസ്റ്റ്‌ പ്രത്യക്ഷപ്പെട്ടത്.. മുസ്ലിം ലീഗ് നൽകിയ പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തിന് പിന്നാലെ ഈ അക്കൗണ്ട് അപ്രത്യക്ഷമായി. തുടർന്നാണ് സാദിഖലി തങ്ങളുടെ വ്യാജ ചിത്രങ്ങൾ കാട്ടി ബന്ധുവായ തന്നെ കാപ്പ കേസ് പ്രതി മുഹമ്മദ്‌ റോഷൻ ഭീഷണിപ്പെടുത്തിയിരുന്നെന്നു കാണിച്ചു മു ഈനലി തങ്ങൾ മലപ്പുറം എസ് പിക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് മുഹമ്മദ് റോഷന് എതിരെ കേസെടുത്തത്. ജനുവരി 31 ന് മു ഈനലി തങ്ങളെയും സുഹൃത്തിനെയും പ്രതി പെരിന്തൽമണ്ണയിലെ ഷോപ്പിങ് മാളിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സാദിഖലി തങ്ങളുടെ ചില അവ്യക്തമായ ചിത്രങ്ങൾ കാട്ടി ഇത് മോശം രീതിയിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇല്ലെങ്കിൽ 15 കോടി തരണമെന്നായിരുന്നു ആവശ്യം. ഈ കാര്യത്തെ കുറിച്ച് പരാതി നൽകിയാൽ വധിക്കുമെന്നും ഭീഷണി മുഴക്കി. പണം നൽകാൻ തയ്യാറാകാതെ വന്നതോടെ വ്യാജ ഫേസ് ബുക്ക്‌ അക്കൗണ്ട് ഉണ്ടാക്കി ഇയാൾ തന്നെ സാദിഖലി തങ്ങൾക്ക് എതിരെ അധിക്ഷേപ പോസ്റ്റ്‌ ഇടുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമെ ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകൂ എന്നു പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കലാപ ശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം