Asianet News MalayalamAsianet News Malayalam

ചൂഷണത്തിന്റെ പുതുരൂപങ്ങളുമായി ബ്ലേഡ് കമ്പനികൾ ; സ്ത്രീയെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി അപമാനിച്ചു

ക്രെഡി മീ പോലുള്ള നിരവധി ഓൺലൈൻ പണമിടപാട് സ്ഥാപനങ്ങൾ അടുത്തിടെയാണ് സംസ്ഥാനത്ത് സജീവമായത്. കോവിഡ് മൂലം പ്രതിസന്ധിയിലായ പലരും ഉടൻ പണം കിട്ടുമെന്നതിനാൽ ഇവരുടെ വലയിൽകുടങ്ങിയിട്ടുണ്ട്.

blade companies exploit and threaten women in Trivandrum creates WhatsApp group to deface lady
Author
Trivandrum, First Published Nov 1, 2020, 11:11 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പാവങ്ങളെ ചൂഷണം ചെയ്ത് ഓൺലൈൻ ബ്ലേഡ് കമ്പനികൾ. പലിശക്ക് വാങ്ങിയ പണം നൽകാത്തതിനാൽ തിരുവനന്തപുരത്തെ ഒരു സ്ത്രീയെ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപമാനിക്കുകയും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയുമാണ് കമ്പനി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും നമ്പറുകൾ രഹസ്യമായി കണ്ടെത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്.

വട്ടിയൂർകാവ് സ്വദേശി അജിത സാമ്പത്തിക പ്രതിസന്ധിവന്നപ്പോഴാണ് ഓൺലൈൻ പരസ്യം കണ്ട് ക്രെഡി മീ എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നും 3000 രൂപ പലിശക്ക് വായ്പയെടുത്തത്. മാർച്ച് ഒന്നിനായിരുന്നു ഇത്. ആധാർ വിവരങ്ങളും സ്ഥാപനം നൽകിയ ചില രേഖകളിൽ ഒപ്പിട്ട് കൈമാറിയപ്പോൾ ഒരാഴ്ച കൊണ്ട് അക്കൗണ്ടിൽ പണമെത്തി. ഒരാഴ്ചകൊണ്ട് 3500 രൂപ പലിശ സഹിതം തിരികെ അടക്കണമെന്നായിരുന്നു വ്യവസ്ഥ.

പക്ഷേ കൊവിഡും ലോക്ക് ഡൗണും വന്നതോടെ അജിതക്ക് സ്വകാര്യ സ്ഥാപനത്തിലെ ജോലി നഷ്ടമായി. മാസങ്ങൾക്ക് ശേഷമാണ് ഓൺലൈൻ കമ്പനിയുടെ തനിസ്വരൂപം പുറത്തുവന്നത്. പലിശ സഹിതം ഏഴായിരം രൂപ ഉടൻ അടക്കണമെന്ന് ഈ മാസം രാജേഷ് എന്ന് പരിചയപ്പെടുത്തിയ കമ്പനിയുടെ ഒരു ജീവനക്കാരൻ ഫോണിലൂടെ അറിയിച്ചു. തിരിച്ചടവിന് നൽകുന്നത് വെറും മുപ്പത് മിനുട്ട് മാത്രം. ഒപ്പം ഭീഷണിയും

ഭീഷണിക്ക് പിന്നാലെയാണ് അജിതയെ ഞെട്ടിച്ചുകൊണ്ട് ഓൺലൈൻ കമ്പനിയുടെ പ്രതികാര നടപടി. അജിതയറിയാതെ മൊബൈലിലെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും നമ്പർ ചേർത്ത് കമ്പനി വാട്സ് ഗ്രൂപ്പുണ്ടാക്കി അപമാനം.

അജിതയെ വിളിച്ച രാജേഷ് എന്നയാളുടെ ഫോൺ നമ്പറിലേക്ക് ഞങ്ങൾ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. സിറ്റി പൊലീസ് കമ്മീഷണ‌ർക്ക് പരാതി കൊടുത്തിട്ടും ഇതുവരെ നടപടിയുണ്ടായില്ല,

അജിതയാകെ പെട്ടിരിക്കുകയാണ്. വാട്സ് ഗ്രൂപ്പ് വഴിയുള്ള അപമാനിക്കൽ, ഫോൺ വഴിയുള്ള ഭീഷണി, പിന്നെ ഇനിയും ഓൺലൈൻ കമ്പനി എന്ത് ചെയ്യുമെന്ന ആശങ്ക. ക്രെഡി മീ പോലുള്ള നിരവധി ഓൺലൈൻ പണമിടപാട് സ്ഥാപനങ്ങൾ അടുത്തിടെയാണ് സംസ്ഥാനത്ത് സജീവമായത്. കോവിഡ് മൂലം പ്രതിസന്ധിയിലായ പലരും ഉടൻ പണം കിട്ടുമെന്നതിനാൽ ഇവരുടെ വലയിൽകുടങ്ങിയിട്ടുണ്ട്. ഇതലൊരാൾ മാത്രമാണ് അജിത.

Follow Us:
Download App:
  • android
  • ios