തിരുവല്ല: അന്ധനായ വൃദ്ധനെ കൈ പിടിച്ച് ബസിൽ കയറ്റിവിടുന്ന യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സുപ്രിയ എന്ന യുവതിയുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് സമൂഹത്തിന്റെ നാനായിടങ്ങളിൽ നിന്ന് പ്രതികരണങ്ങളെത്തി. എന്നാൽ അന്ധനായ ആ വൃദ്ധനെക്കുറിച്ചോ അദ്ദേഹത്തിന്റെ ജീവിത പരിസരത്തെക്കുറിച്ചോ എന്തുകൊണ്ടോ ആരും അന്വേഷിച്ചില്ല. 

തിരുവല്ല കറ്റോട് തലപാലയിൽ ജോസ് എന്ന അറുപത്തിരണ്ടുകാരനാണ് ആ വൃദ്ധനെന്ന് കണ്ടെത്തിയിരിക്കുകയാണ് ചില സുമനസ്സുകൾ. ഡോ. ജോൺസൺ വാളയിൽ ഇടിക്കുള എന്ന വ്യക്തിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇദ്ദേഹത്തെ കണ്ടെത്തിയ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. സുഹൃത്തുക്കളായ സിബി സാം തോട്ടത്തിൽ ,കെ.എസ്.ആർ.ടി.സി. കണ്ടക്ടർ സുരേഷ് പി.ഡി, സൗഹൃദ വേദി സെക്രട്ടറി വിൻസൺ പൊയ്യാലുമാലിൽ, കൺവീനർ സുരേഷ് വാസവൻ എന്നിവർക്കൊപ്പമാണ് ഇദ്ദേഹം ജോസിനെ കാണാൻ പോയത്. 

ദുരിതജീവിതത്തിലൂടെയാണ് ഇദ്ദേഹം കടന്നു പോകുന്നതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ''14 വർഷങ്ങൾക്ക് മുമ്പ് വീട് നിർമ്മാണത്തിനും വസ്തു വാങ്ങിക്കുന്നതിനും വേണ്ടി എഴുപതിനായിരം രൂപ ലഭിച്ചു. വീടിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ചോർന്നൊലിച്ച് ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ് ഈ വീടിപ്പോൾ. ജോസിന്റെ ഭാര്യ സിസിൽ ജോസ് ആസ്മ രോ​ഗിയാണ്. മുടിവെട്ട് തൊഴിലാളിയായ മൂത്ത മകന്റെ ഏകവരുമാനം കൊണ്ടാണ് ഏഴം​ഗകുടുംബം കഴിഞ്ഞു പോകുന്നത്. 1300 രൂപ ക്ഷേമപെൻഷൻ ലഭിക്കുന്നുണ്ടെങ്കിലും മരുന്നിന് പോലും തികയുന്നില്ല. പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ ഇളയ മകൾക്ക് പഠിക്കാൻ സ്മാർട്ട്ഫോണോ ടിവിയോ ഇല്ല. വൈദ്യുതി പോലും ഇല്ലാതെയാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്.'' തങ്ങൾ നേരിട്ട് കണ്ട കാര്യങ്ങൾ ഡോക്ടർ ജോൺസൺ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇവർക്ക് വീട്  നിർമ്മിച്ചു നൽകാൻ തയ്യാറാണെന്ന് സന്നദ്ധ സംഘടന അറിയിച്ചിട്ടുണ്ട്. ഇവരെ സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർക്ക് ബാങ്ക് അക്കൗണ്ടിന്റെ വിശദവിവരങ്ങളും ഫേസ്ബുക്ക് കുറിപ്പിനൊപ്പമുണ്ട്. ഒരു ചെറിയ സഹായം പോലും ജോസ് എന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സഹായമാണ്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
Name. Mr. JOSE
ACCOUNT NO. 57009949480
IFSC. SBIN0070437.
SBI KATTODE BRANCH
MICR. 689002905.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:

ഇത് വായിക്കാതെ പോകരുത്...

കഴിഞ്ഞ ചില ദിവസങ്ങളായി ഇന്ത്യയിലും വിദേശങ്ങളിലുമായി വൈറൽ ആയ വീഡിയോയിലും തുടർന്ന് മാധ്യമങ്ങളിലും 'വൃദ്ധൻ ' എന്ന് വിശേഷിപ്പിച്ച വ്യക്തിയെ കണ്ടെത്തുക എന്നതായിരുന്നു ഞങ്ങളുടെ ഇന്നത്തെ ലക്ഷ്യം.. ഞാൻ എൻ്റെ സുഹൃത്തുക്കളായ സിബി സാം തോട്ടത്തിൽ ,കെ.എസ്.ആർ.ടി.സി. കണ്ടക്ടർ സുരേഷ് പി.ഡി, സൗഹൃദ വേദി സെക്രട്ടറി വിൻസൺ പൊയ്യാലുമാലിൽ, കൺവീനർ സുരേഷ് വാസവൻ എന്നിവർ ചേർന്ന് ആ 'വൃദ്ധ'നായ തിരുവല്ല കറ്റോട് തലപാലയിൽ ജോസിൻ്റെ (62) വീട്ടിൽ എത്തി.

100% അന്ധതയാണെങ്കിലും അകക്കണ്ണുകൾ ഇന്നും പ്രകാശിക്കുന്നു..ഞങ്ങളുമായി അദ്ദേഹം തൻ്റെ ദുരിതകഥ പങ്കുവെച്ചപ്പോൾ ഞങ്ങളുടെ കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണീർ കൊണ്ട് അല്പസമയത്തേക്ക് ഞങ്ങളുടെ കാഴ്ചയും മറച്ചു...

മുൻസിപാലിറ്റിയുടെ സഹായത്തോടെ 14 വർഷത്തിന് മുമ്പ് വീടുവെക്കുന്നതിനും വസ്തു വാങ്ങുന്നതിനും ലഭിച്ചത് എഴുപതിനായിരം രൂപ..ചോർന്നൊലിച്ച് ഏത് സമയവും താഴെ വീഴാവുന്ന നിലയിൽ നിന്ന വീടിൻ്റെ അവസ്ഥ കണ്ട് ഒരു സന്നദ്ധ സംഘടന ഒരു വീട് വാഗ്ദാനം ചെയ്തു .വീടിൻ്റെ നിർമ്മാണം തുടക്കം കുറിച്ചെങ്കിലും 10 വർഷമായി നിർമ്മാണം പൂർത്തിയാകാത് വൈദ്യംതി പോലും ഇല്ലാത്ത അവസ്ഥയിലാണ്... കാരുണ്യത്തിൻ്റെ ഉറവ വറ്റാത്തവർ നല്കിയ സഹായം കൊണ്ട് മാത്രം ഘട്ടം ഘട്ടം ആയി പണികൾ നടത്തുന്നുണ്ടെങ്കിലും ഇനിയും പൂർത്തിയാക്കാൻ 5 ലക്ഷം രൂപ കൂടി വേണ്ടി വരും..

ജോസിൻ്റെ ഭാര്യ സിസിൽ ജോസ്‌ ആസ്മ രോഗിയാണ്.മുടിവെട്ട് തൊഴിലാളിയായ മൂത്തമകൻ്റെ ഏക വരുമാനം കൊണ്ടാണ് 7 അംഗ കുടുംബം പുലർത്തുന്നത്. 1300 രൂപ ക്ഷേമ പെൻഷൻ ആയി ലഭിക്കുന്നെണ്ടെങ്കിലും മരുന്നിന് പോലും തികയുന്നില്ല ...ഇളയ മകൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.... ഓൺലൈൻ പ0നത്തിന് നല്ല ഫോണും ഇല്ല .. ടെലിവിഷനും ഇല്ല.

ഒരു മണിക്കൂറോളം ദുരിതകഥ കേട്ട ഞങ്ങൾ ഒടുവിൽ ഇവരുടെ അക്കൗണ്ട് നമ്പർ ആവശ്യപെട്ടപ്പോൾ കറ്റോട് എസ്.ബി.ഐ.യിലെ അക്കൗണ്ട് നമ്പർ തന്നു... സംശയം തോന്നിയതുമൂലം ഞങ്ങൾ തിരികെ വരുമ്പോൾ കറ്റോട് SBI ബാങ്ക് ഡെപ്യൂട്ടി മാനേജർ ശ്രീ.സ്വപ്നലാലുമായി ബന്ധപ്പെട്ടു...കഴിഞ്ഞ 11 വർഷമായി ഈ അക്കൗണ്ട് പ്രവർത്തിക്കുന്നില്ലയെന്ന് ബാങ്കിൽ നിന്നും അറിയാൻ കഴിഞ്ഞു.. എന്നാൽ ഞങ്ങളുടെ ഉദ്യേശ ശുദ്ധി മനസിലാക്കിയ SBI ബാങ്ക് ഡെപ്യൂട്ടി മാനേജരുടെ നിർദ്ദേശപ്രകാരം ഒരു ചെറിയ തുക ഞങ്ങൾ ആ അക്കൗണ്ടിലേക്ക് ഉടൻ തന്നെ ട്രാൻസ്ഫർ ചെയ്തു. പ്രവർത്തനരഹിതമായ അക്കൗണ്ട് ആക്ടീവ് ആക്കി തന്നു. വിവരങ്ങൾ താഴെ ചേർക്കുന്നു.
Name. Mr. JOSE
ACCOUNT NO. 57009949480
IFSC. SBIN0070437.
SBI KATTODE BRANCH
MICR. 689002905.

നടുറോഡിൽ വഴിയറിയാതെ നിന്ന ഈ 'വൃദ്ധ'നെ സഹായിക്കുന്നതിന് ബസിൻ്റെ പുറകെ ഓടി ചെന്ന് വണ്ടി നിർത്തിയ ജോളി സിൽക്സ് ജീവനക്കാരി സുപ്രിയയ്ക്ക് അനുമോദന - സഹായ പ്രവാഹമാണ്.. യു.ആർ.എഫ് വേൾഡ് റിക്കോർഡിൻ്റെ ഹ്യൂമാനിറ്റേറിയൻ അവാർഡിന് പോലും അർഹയായി... അഭിനന്ദനങ്ങൾ... ജോഷ്വ അത്തിമൂട്ടിൽ പകർത്തിയ ആ രംഗം 60 ലക്ഷത്തിലധികം പേർ ആണ് ഇതിനോടകം കണ്ടത്.. എന്നാൽ വിധിയുടെ മറ്റൊരു ബലിമൃഗം ഇവിടെയുണ്ട് - ആ അന്ധനായ 'വൃദ്ധൻ '.

ഞങ്ങൾ അവിടെ നിന്നും മടങ്ങി വരുമ്പോൾ '' ഈ മഹാമാരിയുടെ നടുവിൽ നാളിത് വരെ നടത്തിയ പ്രവർത്തനങ്ങളിൽ ഇത് ഏറ്റവും സംതൃപ്തി നല്കുന്നതെന്ന് " സഹപ്രവർത്തകർ പറഞ്ഞപ്പോൾ അതിയായ സന്തോഷം തോന്നി..ഞങ്ങൾ മാത്രമാണ് അദ്ദേഹത്തെ ആദ്യമായി തേടിയെത്തിയതും...

നമ്മുടെ ചെറിയ ഒരു സഹായം ഇവർക്ക് വലിയ ആശ്വാസമാകും. ഷെയർ ചെയ്ത് സഹായിച്ചാലും..❣️❣️❣️