Asianet News MalayalamAsianet News Malayalam

'സുതാര്യത ഉറപ്പായതുകൊണ്ട് ജനങ്ങൾ ഒരൊറ്റ ക്ലിക്കിൽ പണമയച്ചു'; ദയാധന ശേഖരണത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ചെയ്യാത്ത കുറ്റത്തിനാണ് പാവം 18 വർഷം ജയിലിൽ വധശിക്ഷ കാത്തു കിടന്നത്. ആ ഉമ്മയുടെ കണ്ണീരിന് മുന്നിൽ മലയാളികൾ കാണിച്ച ആർദ്രതക്ക്, സഹാനുഭൂതിക്ക് ഒരു സല്യൂട്ട്  എന്നും സന്ദീപ് വാര്യര്‍ കുറിച്ചു.

blood money collected for abdul rahim Transparency ensured, people sent money with a single click says sandeep varier
Author
First Published Apr 12, 2024, 8:48 PM IST

പാലക്കാട്: സൗദിയിൽ 18 വർഷമായി വധശിക്ഷ കാത്ത് കഴിയുകയായിരുന്ന അബ്‍ദുൾ റഹീമിന്‍റെ മോചനത്തിനാവശ്യമായ 34 കോടി രൂപ സമാഹരിക്കാൻ സാധിച്ചത് ആശ്വാസകരമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ചെയ്യാത്ത കുറ്റത്തിനാണ് പാവം 18 വർഷം ജയിലിൽ വധശിക്ഷ കാത്തു കിടന്നത്. ആ ഉമ്മയുടെ കണ്ണീരിന് മുന്നിൽ മലയാളികൾ കാണിച്ച ആർദ്രതക്ക്, സഹാനുഭൂതിക്ക് ഒരു സല്യൂട്ട്  എന്നും സന്ദീപ് വാര്യര്‍ കുറിച്ചു.

സന്ദീപിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
 
സൗദിയിൽ 18 വർഷമായി വധശിക്ഷ കാത്ത് കഴിയുകയായിരുന്ന പ്രിയ സഹോദരൻ അബ്ദുൾ റഹീമിൻ്റെ മോചനത്തിനാവശ്യമായ 34 കോടി രൂപ സമാഹരിക്കാൻ സാധിച്ചത് ആശ്വാസകരമാണ് . ചെയ്യാത്ത കുറ്റത്തിനാണ് പാവം 18 വർഷം ജയിലിൽ വധശിക്ഷ കാത്തു കിടന്നത്. ആ ഉമ്മയുടെ കണ്ണീരിന് മുന്നിൽ മലയാളികൾ കാണിച്ച ആർദ്രതക്ക് , സഹാനുഭൂതിക്ക് ഒരു സല്യൂട്ട് . 
ഡോ . ഹുസൈൻ മടവൂർ ഇത് സംബന്ധിച്ച് നടത്തിയ പ്രതികരണം ചാനലിൽ കണ്ടു . ഇന്ത്യൻ വിദേശകാര്യ വകുപ്പ്, റിസർവ് ബാങ്ക് എന്നിവരൊക്കെ നിയമപരമായ കാര്യങ്ങൾ അതിവേഗം ചെയ്തു നൽകിയിട്ടുണ്ട് എന്നറിഞ്ഞു. അതോടൊപ്പം എങ്ങനെ ഇത്ര വലിയ തുക നമുക്ക് മണിക്കൂറുകൾക്കുള്ളിൽ സമാഹരിക്കാനായി എന്നത് സംബന്ധിച്ചും ഡോ. ഹുസൈൻ മടവൂർ വിശദീകരിക്കുന്നു . ഡിജിറ്റൽ പേയ്മെന്‍റ് സിസ്റ്റം ആയതോടെ സുതാര്യത ഉറപ്പായതുകൊണ്ട് ജനങ്ങൾ ഒരൊറ്റ ക്ലിക്കിൽ പണമയച്ചു. മണിക്കൂറുകൾ കൊണ്ട് കോടികൾ സമാഹരിക്കപ്പെട്ടു. 
ഡിജിറ്റൽ പേയ്മെന്‍റ്  വ്യാപകമായിരുന്നില്ലെങ്കിലോ ? ഒരു പക്ഷേ പണം അയക്കാൻ ആഗ്രഹമുള്ളവർക്ക് പോലും സാധിക്കാതെ വരുമായിരുന്നു. ക്യാഷ് ആയി പിരിച്ചിരുന്നെങ്കിൽ എത്രയോ കാലമെടുക്കുമായിരുന്ന കാര്യമാണ് ഇന്ത്യൻ ശാസ്ത്ര പുരോഗതി അതിവേഗം സാധ്യമാക്കിയത്. 
യുപിഐ എന്ന ഇന്ത്യയുടെ സ്വന്തം Unified Payments Interface ആണ് ഈ അത്ഭുതത്തിന് ആധാരമായത്. National Payments Corporation of India എന്ന പൊതുമേഖല സ്ഥാപനമാണ് യുപിഐയുടെ സൃഷ്ടാവ് . 
ഗൂഗിൾ പേ അടക്കമുള്ള പെയ്മെൻ്റ് ആപ്പുകൾ പ്രവർത്തിക്കുന്നത് യുപിഐ അടിസ്ഥാനമാക്കിയാണ്. അറബ് രാജ്യങ്ങളടക്കം സാമ്പത്തിക വിനിമയത്തിന് യുപിഐ സ്വീകരിച്ചതും ഈ അതിവേഗ ഫണ്ട് ശേഖരണത്തിന് സഹായകമായിരിക്കാം . 
ശാസ്ത്ര സാങ്കേതിക രംഗത്തെ നമ്മുടെ രാജ്യത്തിൻ്റെ വളർച്ച എങ്ങനെ ഒരു സാധാരണക്കാരൻ്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചു എന്നതിൻ്റെ കൂടി ഉദാഹരണമാവുകയാണ് അബ്ദുൾ റഹീമിൻ്റെ ഫണ്ട് കലക്ഷൻ . ലോകത്തെ ഏറ്റവും വലിയ  ഡിജിറ്റൽ ഇക്കണോമിയായി നമ്മുടെ രാജ്യം മാറിയതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. 
ഒരിക്കൽ കൂടി അബ്ദുൾ റഹീമിന് വേണ്ടി ഒരുമിച്ച മലയാളി സമൂഹത്തിന് അഭിവാദ്യങ്ങൾ. 

Follow Us:
Download App:
  • android
  • ios