ശക്തികുളങ്ങര: കൊല്ലത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് പുറംകടലില്‍ കാണാതായി. ഇന്നലെ വൈകുന്നേരം ആറുമണിക്കാണ്  സ്നേഹിതൻ എന്ന ബോട്ടില്‍ നാലുപേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോയത്. മറൈൻ എൻഫോഴ്സ്മെന്‍റും കോസ്റ്റ് ഗാര്‍ഡും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സ്രാങ്ക് മുജിബിന്‍റെ ഉടമസ്ഥതയിലുള്ളതാണ്
ബോട്ട്. ബോട്ടിലുള്ള  മറ്റൊരാള്‍ മജീദാണ്. മറ്റ് രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകുന്നേരം 6.30 നും ഒൻപത് മണിക്കും ബോട്ടിലുള്ള മജീദ് ബന്ധുക്കളുമായി സംസാരിച്ചിരുന്നു. 

രാത്രി ഒന്നര മണിയോടെ ബോട്ടിന്‍റെ പ്രോപ്പലറിലേക്ക്  വലചുറ്റിയതായി വിവരം ലഭിച്ചു . തുടർന്ന് മറൈൻ എൻഫോഴ്സ്മെന്‍റിന്‍റെ ബോട്ടുകള്‍ തിരച്ചില്‍ തുടങ്ങിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബോട്ട് അധികദൂരം ഒഴുകിപോകാൻ സാധ്യതയില്ലെന്നാണ്  തീരത്തുള്ളവര്‍ പറയുന്നത്. ബോട്ടിലുള്ളവരുടെ മൊബൈല്‍ ഫോൺ ഉള്‍പ്പടെയുള്ളവയില്‍ നിന്നും ബന്ധം വിച്ഛേദിക്കപ്പെട്ടത് തിരച്ചില്‍ ദുഷ്കരമാക്കുന്നുവെന്ന് എൻഫോഴ്സ്മെന്‍റ് അധികൃതർ പറഞ്ഞു. കോസ്റ്റ് ഗാർഡിന്‍റെ നിർദ്ദേശപ്രകാരം നേവിയുടെ ഹെലികോപ്ടർ ഉല്‍പ്പടെയുള്ളവ തിരിച്ചിലില്‍ പങ്കെടുക്കും.