മലപ്പുറം: ഉരുള്‍പൊട്ടല്‍ വന്‍നാശം വിതച്ച കവളപ്പാറയില്‍ ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തഭൂമിയില്‍ നിന്നും ഇതുവരെ വീണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 37 ആയി. 59 പേരാണ് കവളപ്പാറയിലെ ദുരന്തഭൂമിയില്‍ കുടുങ്ങിപ്പോയതെന്നാണ് ഔദ്യോഗിക കണക്ക്. ഇനിയും 23 പേരെ കൂടി കണ്ടെത്താനുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കവളപ്പാറ മുത്തപ്പൻകുന്നില്‍ ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് വളരെ വൈകിയാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്. പക്ഷെ. ഇന്ന് മഴ മാറി നിന്നതോടെ പതിവിലും നേരത്തെ തെരച്ചിൽ തുടങ്ങി. നാല് ഭാഗമായി തിരിച്ച് 14 മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്രദേശത്ത് തെരച്ചിൽ നടത്തിയത്. പത്തരയോടെ രണ്ട് കുട്ടികളുടെ മൃതദേഹം കിട്ടി. അര മണിക്കൂറിനകം ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെടുത്തു.

പ്രദേശത്ത് ഉണ്ടായിരുന്ന വീടുകളുടെ മാപ്പ് എന്‍ഡിആര്‍എഫ് തയ്യാറാക്കിയിട്ടുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെയാണ് ഇത് നിർമ്മിച്ചത്. ഈ മാപ്പിനെ അടിസ്ഥാനമാക്കിയാണ് തെരച്ചിൽ തുടരുന്നത്. അതിശക്തമായ മണ്ണിടിച്ചില്‍ ദുരന്തം വിതച്ച പുത്തുമലയിലും തെരച്ചിൽ തുടരുകയാണ്. അതേസമയം, കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ വൈകിട്ട് കവളപ്പാറ സന്ദർശിക്കും.