സംക്രാന്തിയിലെ മലപ്പുറം മന്തിയെന്ന സ്ഥാപനത്തിൽ നിന്നും ഭക്ഷണം പാഴ്സൽ വാങ്ങി കഴിച്ച ശേഷമാണ് രശ്മി അവശനിലയിലായത്.
കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം കിളിരൂർ സ്വദേശി രശ്മിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക. സംക്രാന്തിയിലെ മലപ്പുറം മന്തിയെന്ന സ്ഥാപനത്തിൽ നിന്നും ഭക്ഷണം പാഴ്സൽ വാങ്ങി കഴിച്ച ശേഷമാണ് രശ്മി അവശനിലയിലായത്. മൂന്നുദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്.
ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് 16 പേർ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ ചികിത്സ നേടിയിരുന്നു. പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ചു പൂട്ടിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം നേഴ്സായിരുന്നു രശ്മി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയുവെന്ന് ആശുപത്രി അധികൃതരും പെലീസും പറഞ്ഞു.
മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ: കാറ്ററിംഗ് സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കി
പത്തനംതിട്ട: മല്ലപ്പള്ളിയിൽ എഴുപതോളം പേർക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ചടങ്ങിൽ ഭക്ഷണം വിളമ്പിയ കാറ്ററിംഗ് സർവ്വീസിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മാമോദിസ ചടങ്ങിന് ഭക്ഷണം വിളമ്പിയ ചെങ്ങന്നൂരിലെ ഓവൻ ഫ്രഷ് കാറ്ററിംഗ് സർവ്വീസ് എന്ന സ്ഥാപനത്തിൻ് ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ആലപ്പുഴ ജില്ലാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം ഉണ്ടായത്. ഭക്ഷണസാംപിളുകൾ ശേഖരിച്ച ഉദ്യോഗസ്ഥർ അവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയിൽ അന്വേഷണം അവസാനിക്കുന്നത് വരെ സസ്പെൻഷൻ നടപടി നിലനിൽക്കും എന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
