മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം മരിച്ച സുരേഷ് കുമാറിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം മരിച്ച സുരേഷ് കുമാറിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് ഇന്നലെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. സുരേഷിന്‍റെ സഹോദരന്‍റെ പരാതിയിലാണ് കേസ്.
അതിനിടെ സംഭവത്തിൽ ഗുരുതര വീഴ്ച ആരോപിച്ച് മെഡിക്കൽ കോളേജിലെ രണ്ട് വകുപ്പ് മേധാവിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടന രംഗത്തെത്തി. ഡോക്ടർമാരെ ബലിയാടാക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്ന് കെജിഎംസിടിഎ കുറ്റപ്പെടുത്തി.
സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കെജിഎംസിടിഎ അറിയിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പിന്‍റെ സമഗ്രാന്വേഷണത്തിന്‍റെ ഭാഗമായുള്ള നടപടികളും ഇന്നുണ്ടാകും.
കെജിഎംസിടിഎ വിശദീകരണം
മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ഡയാലിസ്സ് നടത്തേണ്ടിവന്നതിനാല്‍ 8:30 ഓടുകൂടി ശസ്ത്രക്രിയ ആരംഭിച്ചു. യൂറോളജി വിഭാഗം തലവന്റെയും നെഫ്രൊളജി വിഭാഗം സീനിയര്‍ ഡോക്ടര്‍മാരുടെയും നേത്രത്വത്തില്‍ പരമാവധി ചികില്‍സ നല്‍കിയിട്ടും രോഗി നിര്‍ഭാഗ്യവശാല്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ വിശദമായ ഒരു അന്വേഷണവും നടത്താതെ ചികില്‍സയ്ക്കു മുന്‍കൈയെടുത്ത വകുപ്പുമേധാവികളെ സസ്പ്പെന്ഡ് ചെയ്യുകയാണ് ഉണ്ടായത്.
ഇത് വളരെ പരിമിതമായ സൗകര്യങ്ങളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയണ്. ആശുപത്രികളുടെ പരിമിതികള്‍ കാരണമുണ്ടാകുന്ന (രൂക്ഷമായ ഡോക്ടര്‍മാര്‍ ഉല്‍പ്പെടയുള്ള ജീവനക്കാരുടെ കുറവും) സംഭവങ്ങളില്‍ ഡോക്ടര്‍മാരെ മാത്രം ബലിയാടാക്കുന്ന പ്രവണത കൂടിവരുകയാണ്. ഇക്കഴിഞ്ഞ ആഴ്ചയിലും നിരപരാധിയായ ഡോക്ടറെ ത്യശ്ശൂരില്‍ സസ്പന്ഡ് ചെയ്യുകയുണ്ടായി.3
Read more: വൃക്ക മാറ്റിവയ്ക്കലിന് ശേഷം രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
വിശദമായ അന്വേഷണം നടത്താത ഡോക്ടര്‍മാരെ ബലിയാടുകളാക്കിക്കൊണ്ടുള്ള നടപടികളില്‍ കെജിഎംസിറ്റിഎ ശക്തമായി പ്രതിക്ഷേധിക്കുന്നു. ഈ സംഭവത്തിനെ കുറിച്ച് വിശദമായി അന്വേഷിച്ച് നടപെടി എടുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.ആശുപത്രിയിലെ അപര്യാപ്തതകളെ കുറിച്ച് അന്വേഷിച്ച് നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുന്നു.
അതേ സമയം ശരിയായ അന്വേഷണം നടത്താതെ എടുത്ത ശിക്ഷാ നടപടികള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും കെജിഎംസിറ്റിഎ തിരുവനന്തപുരം യൂണിറ്റ് ആവശ്യപ്പെടുന്നു. മെഡിക്കല്‍ കോളേജിന്റെ പരിമിതികളെക്കുറിച്ച് ചര്‍ച്ചവേണമെന്നും ആവശ്യപ്പെടുന്നു. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഡോക്ടര്‍മാരെ ശിക്ഷിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാന്‍ സംഘടന നിര്‍ബന്ധിതമാകുമെന്നും സംഘടന വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നടപടി അന്വേഷണത്തിന് ശേഷമെന്ന് മന്ത്രി
അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്രമായി അന്വേഷണം നടത്താൻ ഉത്തരവിട്ടതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഏകോപനത്തിൽ വീഴ്ച ഉണ്ടായോ എന്നും ഡോക്ടർമാർ അല്ലാത്തവർ കിഡ്നി ബോക്‌സ് എടുത്തതും പരിശോധിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വിശദീകരിച്ചു.
രോഗിക്ക് കിഡ്നി മാച്ച് ആയത് 2.45 നാണ്. 5.30 ആംബുലൻസ് എത്തി. ആംബുലൻസ് എത്തിയ ശേഷം പുറത്തു നിന്നുള്ള ആളുകളാണ് കിഡ്നി അടങ്ങിയ പെട്ടി എടുത്തത്. ഇതിൽ പരാതി ഉണ്ട്. ഇവർ ഡോക്ടർമാർ അല്ലായിരുന്നുവെന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. മരണ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അറിയുമെന്നും മന്ത്രി അറിയിച്ചു.
