Asianet News MalayalamAsianet News Malayalam

ബ്രിട്ടനില്‍ കൊല്ലപ്പെട്ട അ‍ഞ്ജുവിന്‍റെയും മക്കളുടേയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനിൽ നഴ്സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരി ജാൻവിയെയും നാല് വയസുകാരി ജീവയെയും കെറ്ററിംഗിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Body remaining of Malayali nurse Anju and kids to brought hometown today 
Author
First Published Jan 14, 2023, 7:59 AM IST

കൊച്ചി: ബ്രിട്ടനിലെ കെറ്ററിംഗിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി അ‍ഞ്ജുവിന്‍റെയും മക്കളായ ജാൻവി, ജീവ എന്നിവരുടെയും മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും. ബ്രിട്ടനിൽ നിന്നുള്ള വിമാനത്തിൽ രാവിലെ എട്ടിന് നെടുമ്പാശ്ശേരിയിലെത്തിക്കുന്ന മൃതദേഹങ്ങൾ വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. 

കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനിൽ നഴ്സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരി ജാൻവിയെയും നാല് വയസുകാരി ജീവയെയും കെറ്ററിംഗിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടരന്വേഷണത്തിൽ അഞ്ജുവിന്‍റെ ഭർത്താവ് സാജുവാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഒരു മാസമായി അഞ്ജുവിന്‍റെ മാതാപിതാക്കൾ ശ്രമിച്ച് വരികയായിരുന്നു

പത്തു വര്‍ഷം മുമ്പ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലത്ത് പ്രണയിച്ചാണ് അഞ്ജുവും കണ്ണൂര്‍ സ്വദേശിയായ സാജുവും വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും സൗദി അറേബ്യയിലേക്ക് പോയി. അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഒരു വര്‍ഷം മുമ്പ് ബ്രിട്ടനിലേക്ക് പോയത്. നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങള്‍ മുമ്പാണ് ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്. 

ഫോണില്‍ വിളിച്ച് സംസാരിക്കുമ്പോഴെല്ലാം മകള്‍ ദുഖിതയായിരുന്നെന്ന് അ‍ഞ്ജുവിന്‍റെ പിതാവ് നേരത്തെ പ്രതികരിച്ചിരുന്നു. ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബ്രിട്ടനില്‍ പോയ സാജുവിന് ജോലി കിട്ടാത്തതിന്‍റെ നിരാശയുണ്ടായിരുന്നു. നാട്ടിലേക്ക് പണം അയക്കാന്‍ കഴിയാത്തതില്‍ അഞ്ജുവും സാജുവും ദുഖിതരായിരുന്നെന്നും അശോകന്‍ പ്രതികരിച്ചിരുന്നു.

ബ്രിട്ടനിലെ  കെറ്ററിംഗിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന അഞ്ജു ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് രക്തം വാര്‍ന്ന് മരിച്ചു കിടക്കുന്ന അഞ്ജുവിനെ കണ്ടത്. കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios