കണ്ണൂർ: രണ്ട് ദിവസമായി രാഷ്ട്രീയ സംഘർഷം തുടരുന്ന കണ്ണൂരിൽ സിപിഎം നിയന്ത്രത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം. തലശേരിലെ ചോനാടം അഴീക്കോടൻ സ്മാരക വായനശാലയ്ക്ക് നേരെ ഇന്നലെ അർദ്ധരാത്രിയിലാണ് ബോംബേറുണ്ടായത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. അടിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് കെ സുധാകരൻ്റെ പ്രസംഗത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്.

രണ്ട് ദിവസങ്ങളിലായി കണ്ണൂരിൽ കോൺഗ്രസ്- സിപിഎം കേന്ദ്രങ്ങളിൽ അക്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പത്തിലേറെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയും കണ്ണൂരിൽ അക്രമണം ഉണ്ടായിരുന്നു. കോൺഗ്രസിന്‍റെ കൊടിമരങ്ങളും സ്തൂപങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.