ഇ-മെയിൽ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ ഭീഷണി സന്ദേശമെത്തിയത്. തൃശൂര്‍ കളക്ടറേറ്റിലേക്കാണ് ഇ-മെയിൽ ഭീഷണിയെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ ഭീഷണി സന്ദേശമെത്തിയത്. തൃശൂര്‍ ജില്ലാ കോടതിയിലാണ് ഇ-മെയിൽ ഭീഷണിയെത്തിയത്. സംഭവത്തെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. വ്യാജ സന്ദേശമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. തൃശൂരിലെ ജില്ലാ കോടതിയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വെച്ച് തകര്‍ക്കുമെന്ന തരത്തിൽ ഇന്നലെ രാത്രി ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഇമെയിൽ ഭീഷണി ജില്ലാ കോടതിയി നിന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറുകയായിരുന്നു. തൃശൂര്‍ കളക്ടര്‍ ഇന്നലെ രാത്രി തന്നെ ഇതുസംബന്ധിച്ച വിവരം ഇടുക്കി കളക്ടര്‍ക്ക് നൽകുകയായിരുന്നു. തുടര്‍ന്ന് ഇടുക്കി കളക്ടര്‍ ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിച്ചു. ആവശ്യമായ പരിശോധന നടത്താൻ നിര്‍ദേശം നൽകുകയായിരുന്നു. ഇതനുസരിച്ച് മുല്ലപ്പെരിയാര്‍ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ബോംബ് സ്ക്വാഡ് അടക്കം എത്തി വിശദമായ പരിശോധന നടത്തുന്നത്. ബോംബ് ഭീഷണി സംബന്ധിച്ച വിവരം തമിഴ്നാട് അധികൃതരെയും അറിയിച്ചിട്ടുണ്ട്.

ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന ഹര്‍ജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹര്‍ജി ഫയൽ ചെയ്തത്. വിഷയത്തിൽ മറുപടി തേടിക്കൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്.