സാമൂഹ്യ അകലം ഉറപ്പ് വരുത്തി മദ്യവില്‍പ്പന നടത്താനാണ് ബെവ്ക്യൂ ആപ്പ് തയ്യാറാക്കിയത്. കരാര്‍ ഉറപ്പിച്ച് രണ്ടാഴ്ചക്ക് ശേഷം മെയ് 28 നാണ്  ആപ്പ് വഴി ടോക്കണ്‍ ബുക്കിംഗ് തുടങ്ങിയത്

തിരുവനന്തപുരം: കൊട്ടിഘോഷിച്ച ബെവ്ക്യൂ ആപ്പില്‍, മദ്യവില്‍പ്പനക്കുള്ള ബുക്കിംഗ് കുത്തനെ ഇടിഞ്ഞു. പ്രതിദിനം നാലര ലക്ഷത്തോളം ടോക്കണ്‍ ബക്ക് ചെയ്യാവുന്ന ആപ്പില്‍ ശരാശരി രണ്ടര ലക്ഷം ടോക്കണ്‍ മാത്രമാണ് ബുക്കിംഗ് നടക്കുന്നത്. 35 ശതമാനം വില്‍പ്പന നികുതി കൂട്ടിയെങ്കിലും വരുമാനത്തില്‍ ആനുപാതിക വര്‍ദ്ധനയില്ലാത്തതില്‍ ബിവറേജസ് കോര്‍പ്പറേഷനും ആശങ്കയിലാണ്.

സാമൂഹ്യ അകലം ഉറപ്പ് വരുത്തി മദ്യവില്‍പ്പന നടത്താനാണ് ബെവ്ക്യൂ ആപ്പ് തയ്യാറാക്കിയത്. കരാര്‍ ഉറപ്പിച്ച് രണ്ടാഴ്ചക്ക് ശേഷം മെയ് 28 നാണ് ആപ്പ് വഴി ടോക്കണ്‍ ബുക്കിംഗ് തുടങ്ങിയത്. തൊട്ടുപിന്നാലെ സാങ്കേതിക പ്രശനങ്ങള്‍ക്കും പരാതികള്‍ക്കും വീര്യമേറി. ആപ്പ് ആപ്പായെന്ന വമിര്‍ശനങ്ങള്‍ക്കൊടുവില്‍ ബുക്കിംഗിലെ തടസ്സങ്ങള്‍ ഒരളവു വരെ പരിഹരിച്ചു. പിന്‍കോഡ് അടിസസ്ഥനമാക്കിയാണ് മൊബൈല്‍ അപ്പില്‍ അടുത്തുള്ള വില്‍പ്പന ശാലകള്‍ തെരഞ്ഞെടുക്കുന്നത്. ഇതാണ് ബെവ്‍കോ ഔട്ട്‍ലെറ്റുകള്‍ക്ക് ടോക്കണ്‍ കുറയാന്‍ കാരണമെന്നാണ് വിശദീകരണം. 

ലോക്ക് ഡൗണിന് മുമ്പ് പ്രതിദിനം ആറു ലക്ഷത്തോളം പേരാണ് ബെവ്കോ ഔട്ട്‍ലെറ്റുകളില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബാറുകളിലേക്ക് പ്രതിദിനം രണ്ടര ലക്ഷത്തില്‍ താഴെ ടോക്കണുകളെ ബുക്ക് ചെയ്യുന്നുള്ളു. ബാറുകളിലേക്ക് ടോക്കണ്‍ ലഭിക്കുന്നവരില്‍ ഒരു വിഭാഗം ടോക്കണ്‍ ഉപേക്ഷിക്കുകയാണ്. മദ്യ വില്‍പ്പന ശാല മാറ്റാനോ , ഒരിക്കല്‍ തെരഞ്ഞെടുത്ത പിന്‍കോഡ് മാറ്റാനോ ബെവ്‍ക്യൂ ആപ്പില്‍ ഓപ്ഷനില്ല. ബെവ്‍ക്യൂവിന്‍റെ ഫേസ് ബുക്ക് പേജില്‍ ഇപ്പോഴും ആക്ഷേപ കമന്‍റുകള്‍ നിറയുകയാണ്. അടുത്ത ഘട്ടത്തില്‍ വില്‍പ്പനശാല തെരഞ്ഞെടുക്കാനുള്ള സൗകര്യം ആപ്പില്‍ ഒരുക്കമെന്നാണ് കമ്പനിയുടെ വിശദീകരണം.