തിരുവനന്തപുരം മണിയറയിൽ 25കാരിയായ യുവതിക്ക് രണ്ട് ഡോസ് കൊവിഡ് വാക്സീനും ഒന്നിച്ച് കുത്തിവെച്ചതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് മണിയറയിൽ ആദ്യഡോസ് വാക്സിനെടുക്കാനെത്തിയ 25കാരിക്ക് 2 ഡോസ് വാക്സിനും കുത്തിവെച്ചതായി പരാതി. വാക്സിനെടുത്ത നഴ്സ് അശ്രദ്ധമായി കുത്തിവെക്കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയ പെൺകുട്ടിയെ പിന്നീട് ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ വീട്ടിലേക്കയച്ചു. പക്ഷേ 24 മണിക്കൂർ യുവതി നിരീക്ഷണം തുടരും.
ആദ്യഡോസ് വാക്സിനെടുക്കാനെത്തിയ ശ്രീലക്ഷ്മിയ്ക്കാണ് ഒറ്റദിവസം തന്നെ 2 ഡോസ് കോവിഷീൽഡും കുത്തിവെച്ചതായി പരാതി ഉയർന്നത്. ആദ്യഡോസ് കുത്തിവെച്ച ശേഷം ഇരിക്കാനാവശ്യപ്പെട്ട നഴ്സ് വീണ്ടും അടുത്ത ഡോസ് കുത്തിവെച്ചുവെന്നാണ് അമ്മ വ്യക്തമാക്കിയത്.
അതേസമയം തിരക്കുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയ യുവതിയോട് വാക്സിനെടുത്തോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി പറഞ്ഞെന്നും ഇതിന് ശേഷമാണ് കുത്തിവെച്ചതെന്നുമാണ് ആശപത്രി സൂപ്രണ്ട് നൽകുന്ന വിശദീകരണം. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ച് നടപടി എടുക്കുമെന്നും തിരുവനന്തപുരം ഡിഎംഒ പറഞ്ഞു. അബദ്ധത്തിൽ വാക്സിൻ ഡോസ് രണ്ടും ഒരു ദിവസം തന്നെ കൊടുക്കുന്നത് അപൂർവ്വമായി സംഭവിക്കാറുണ്ടെന്നും കാര്യമായ ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യവിദഗ്ദർ പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
