Asianet News MalayalamAsianet News Malayalam

ഉറങ്ങി എഴുന്നേറ്റപ്പോള്‍ ചുറ്റും ഫയര്‍ഫോഴ്‌സും അയല്‍ക്കാരും! അമ്പരന്ന് കൗമാരക്കാരന്‍, സംഭവം ഇങ്ങനെ

നിരവധി തവണ ശ്രമിച്ചെങ്കിലും മകന്‍ ഫോണ്‍ എടുക്കാത്തതോടെ അമ്മയ്ക്ക് പരിഭ്രമമായി. തുടര്‍ന്ന് ഇവര്‍ അടുത്തുള്ള ബന്ധുവിനെ വിവരം അറിയിച്ചു. ബന്ധു വന്ന് വിളിച്ചിട്ടും വാതിലില്‍ മുട്ടിയിട്ടും പ്രതികരണങ്ങള്‍ ഒന്നുമുണ്ടായില്ല.

boy in deep sleep created struggle for fire force
Author
Kochi, First Published Jun 24, 2019, 10:44 AM IST

കൊച്ചി: ഉറങ്ങാന്‍ കിടന്നത് മാത്രമേ പതിനാലുകാരന് ഓര്‍മ്മയുള്ളൂ, ഉണര്‍ന്നപ്പോള്‍ ചുറ്റും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും അയല്‍ക്കാരും. നടന്നത് സ്വപ്‌നമല്ല സത്യമാണെന്ന് തിരിച്ചറിയുന്ന സമയത്തിനിടെ ഫ്ലാറ്റിലേക്ക് 'നിലവിളി' ശബ്ദവുമായി ഫയര്‍ഫോഴ്സും അയല്‍വാസികളും ഓടിക്കൂടിയിരുന്നു. 

കൊച്ചി കടവന്ത്രയിലെ ശാന്തി വിഹാര്‍ അപ്പാര്‍ട്ട്മെന്‍റിലെ ഫ്ളാറ്റിലാണ് സംഭവം ഉണ്ടായത്. ഡോക്ടറായ അമ്മ രാവിലെ ജോലിക്ക് പോയതറിയാതെ സുഖനിദ്രയിലായിരുന്നു കൗമാരക്കാരന്‍. ജോലിക്കിടെ അമ്മ മകനെ ഫോണ്‍ വിളിച്ചെങ്കിലും മകന്‍ ഫോണ്‍ എടുത്തില്ല. നിരവധി തവണ ശ്രമിച്ചെങ്കിലും മകന്‍ ഫോണ്‍ എടുക്കാത്തതോടെ അമ്മയ്ക്ക് പരിഭ്രമമായി. തുടര്‍ന്ന് ഇവര്‍ അടുത്തുള്ള ബന്ധുവിനെ വിവരം അറിയിച്ചു.

ബന്ധു വന്ന് വിളിച്ചിട്ടും വാതിലില്‍ മുട്ടിയിട്ടും പ്രതികരണങ്ങള്‍ ഒന്നുമുണ്ടായില്ല. ഇതോടെ കഥ മാറി. എന്ത് സംഭവിച്ചെന്നറിയാതെ വിരണ്ടുപോയ ബന്ധുവും അയല്‍വാസികളും ഗാന്ധി നഗര്‍ ഫയര്‍ സ്‌റ്റേഷനില്‍ വിവരം അറിയിച്ചതോടെ ഫയര്‍ഫോഴ്‌സും എത്തി. ഫ്‌ളാറ്റിന്‍റെ പിന്‍വശത്തെ ബാല്‍ക്കണിയിലേക്ക് ഏണി വെച്ച് കയറി. ഈ വാതില്‍ പൂട്ടിയിരുന്നില്ല. വാതിലിലൂടെ ഫ്ളാറ്റിലേക്ക് കയറിയപ്പോഴാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ശരിക്കും ഞെട്ടിയത്. ഫ്ളാറ്റില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ കോലാഹലങ്ങളൊന്നും അറിയാതെ ഫോണ്‍ സൈലന്‍റ് മോഡിലിട്ട് സുഖമായി ഉറങ്ങുകയായിരുന്നു പതിനാലുകാരന്‍. 

വിളിച്ചുണര്‍ത്തിയപ്പോള്‍ ചുറ്റും ഫയര്‍ഫോഴ്‌സിനെയും ആളുകളെയും കണ്ട് ആദ്യം അമ്പരന്നെങ്കിലും പിന്നീട് കുട്ടിയെ കാര്യം പറഞ്ഞ് മനസ്സിലാക്കി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും മടങ്ങി. 
 

Follow Us:
Download App:
  • android
  • ios