തീപിടിത്തത്തെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങളും അന്തരീക്ഷ മലിനീകരണവും രൂക്ഷമാണെന്ന് ചൂണ്ടികാട്ടി വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ കൊച്ചിയിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യക്കും നിവേദനം നൽകി

ദില്ലി: ബ്രഹ്മപുരത്തേക്ക് വിഗ്ദധ പരിസ്ഥിതി സംഘത്തെ അയച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെബി മേത്തർ എംപി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് നിവേദനം നൽകി. കേന്ദ്രസഹായത്തോടെ മാലിന്യ പ്ലാന്‍റ് സ്ഥാപിക്കണമെന്നും ജെബി മേത്തർ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.

തീപിടിത്തത്തെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങളും അന്തരീക്ഷ മലിനീകരണവും രൂക്ഷമാണെന്ന് ചൂണ്ടികാട്ടി വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ കൊച്ചിയിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യക്കും നിവേദനം നൽകി. അതേസമയം, ബ്രഹ്മപുരം മലിനീകരണ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡൻ എംപി ഇന്ന് ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവിൽ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിച്ചെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്.

ബ്രഹ്‌മപുരത്തെ തീയണച്ചതിനെ തുടര്‍ന്ന് ഭാവിയില്‍ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ കളക്ടര്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. ഫയര്‍ ആന്റ് റെസ്‌ക്യൂ, റവന്യൂ, നേവി, എയർഫോഴ്സ്, സിവിൽ ഡിഫൻസ്, പോലീസ്, ഹോംഗാർഡ്, കോര്‍പ്പറേഷന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍, ആരോഗ്യം, എക്സകവേറ്റർ ഓപ്പറേറ്റർമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമായാണ് തീയണയ്ക്കാനായത്. സ്‌മോള്‍ഡറിംഗ് ഫയര്‍ ആയതു കൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ വരെ നിതാന്ത ജാഗ്രത തുടരും.

ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിലുണ്ടായ തീയണയ്ക്കാൻ അക്ഷീണം പ്രവർത്തിച്ച് അഗ്നിശമന സേനയെ ഹൈക്കോടതി അഭിനന്ദിക്കുകയും ചെയ്തു. മാലിന്യ പ്ലാന്റിലെ തീപിടിത്തവും ഇതുമൂലമുണ്ടായ വിഷപ്പുകയും കൊച്ചിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ, സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് തീയണക്കാൻ ദിവസങ്ങളോളം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ഹൈക്കോടതി പ്രശംസിച്ചത്. തീകെടുത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൃത്യമായ അംഗീകാരവും റിവാർഡും സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 

കുറഞ്ഞ ചെലവിൽ വിദേശ ഭാഷ പഠിച്ചാലോ? സൗകര്യമൊരുക്കി നോർക്ക, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു