കൊച്ചി: മാസപ്പടിയുടെ പേരില്‍ എക്സൈസ് ഉദ്യോഗസ്ഥർ പിഴിയുന്നതായി ബാറുടമകള്‍ വിജിലൻസിന് മൊഴി നല്‍കി. സ്ഥിരമായി കൊടുത്തുവന്നിരുന്ന കൈക്കൂലി നിർത്തലാക്കാൻ സംഘടന തീരുമാനിച്ചതോടെ എക്സൈസ് ഓഫീസർമാർ പലരീതിയിലും സമ്മർദ്ദം ചെലുത്തുകയാണെന്ന് ബാറുടമകള്‍ വിജിലൻസിന് പരാതി നല്‍കി.

എക്സൈസ് ഉദ്യോഗസ്ഥർ വാങ്ങിയിരുന്ന മാസപ്പടിയുടെ റേഞ്ച് കൂടിയതോടെയാണ് ഒരു വിഭാഗം ബാറുടമകള്‍ ഇനി കൈക്കൂലി കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. തുടർന്ന് ഫെ‍ഡറേഷൻ ഓഫ് കേരള ബാർ ഹോട്ടല്‍സ് അസോസിയേഷൻ ഈ കീഴ്‍വഴക്കം ഇനി തുടരേണ്ടതില്ലെന്ന് അംഗങ്ങള്‍ക്ക് നിർദ്ദേശം നല്‍കി. എന്നാല്‍, പെരുമ്പാവൂരിലെ ചില ബാറുടമകള്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിന് വഴങ്ങി ആറര ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി സംഘടനയുടെ ശ്രദ്ധയില്‍പ്പെട്ടു. നിയമനടപടിയിലേക്ക് കടക്കുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നല്‍കിയതോടെ ഉദ്യോഗസ്ഥർ ഈ തുക മുഴുവൻ ബാറുടമകള്‍ക്ക് തിരികെ നല്‍കി.

ജനുവരി ഏഴിനാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ വിജിലൻസ് അന്വേഷണം തുടരുകയാണ്. എക്സൈസിന്‍റെ റേഞ്ച്, സർക്കിള്‍ ഓഫീസുകളിലുള്ള ഇരുപതോളം ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി. ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി വിജിലൻസ് ചോദ്യം ചെയ്യുകയാണ്. ബാറുടമകളുടെയും മൊഴിയെടുത്തു. കൈക്കൂലി നല്‍കാത്തതിന്‍റെ പേരില്‍ മദ്യസ്റ്റോക്കുകള്‍ പിടിച്ചുവയ്ക്കുകയും ക്ലിയറൻസ് നല്‍കുന്നതിന് മനപ്പൂർവം കാലതാമസം വരുത്തുകയും ചെയ്യുന്നുവെന്നാണ് പരാതിയിലെ ആരോപണം.