Asianet News MalayalamAsianet News Malayalam

കൈക്കൂലിക്കെതിരെ പരാതി നൽകിയ അധ്യാപകന്റെ ശമ്പളം തടഞ്ഞു, നിയമനത്തിൽ നിന്ന് ഒഴിവാക്കാനും നീക്കം

ജനുവരി പത്തിനാണ് 20,000 രൂപ കൈക്കൂലി വാങ്ങിയതിന് പെരിയ കേന്ദ്ര സര്‍വ്വകലാശാല സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റിലെ പ്രൊഫസര്‍ എകെ മോഹനന്‍ വിജിലന്‍സ് പിടിയിലാകുന്നത്

bribe complainant says Central University is not giving him remuneration kgn
Author
First Published Feb 4, 2024, 7:04 AM IST

കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വ്വകലാശാല സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റിലെ താത്കാലിക അധ്യാപക നിയമനത്തില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നെന്ന് കൈക്കൂലി പരാതി നല്‍കിയ രാമാനന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട്. വെയിറ്റിംഗ് ലിസ്റ്റ് പോലും ഇല്ലാതെ ഇന്‍റര്‍വ്യൂ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് അതുകൊണ്ടാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. രാമാനന്ദ് വിജിലന്‍സില് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു പ്രൊഫസര്‍ എകെ മോഹനന്‍ അറസ്റ്റിലായത്. 

ജനുവരി പത്തിനാണ് 20,000 രൂപ കൈക്കൂലി വാങ്ങിയതിന് പെരിയ കേന്ദ്ര സര്‍വ്വകലാശാല സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റിലെ പ്രൊഫസര്‍ എകെ മോഹനന്‍ വിജിലന്‍സ് പിടിയിലാകുന്നത്. താല്‍ക്കാലിക അധ്യാപകനായ രാമനന്ദില്‍ നിന്നാണ് ഇയാള്‍ തുടര്‍ നിയമനത്തിനായി കൈക്കൂലി വാങ്ങിയത്.

കൈക്കൂലി കേസില്‍ റിമാന്‍റിലായതോടെ മോഹനന്‍ സസ്പെന്‍ഷനിലായി. പിന്നീട് നടന്ന സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റ് താല്‍ക്കാലിക അധ്യാപക ഇന്‍റര്‍വ്യൂ റാങ്ക് ലിസ്റ്റില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമങ്ങളുണ്ടായെന്നാണ് രാമാനന്ദിന്‍റെ ആരോപണം. എല്ലാ താല്‍ക്കാലിക അധ്യാപക നിയമനങ്ങളുടെ ഇന്‍റര്‍വ്യൂകള്‍ക്കും വെയിറ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ടെന്നും താന്‍ പങ്കെടുത്ത ഇന്‍റര്‍വ്യൂവില്‍ മാത്രം വെയിറ്റിംഗ് ലിസ്റ്റ് ഇടാത്തത് ഈ ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

വിജിലന്‍സില്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന് സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികാര നടപടി തുടരുകയാണെന്നാണ് ആരോപണം. ഡിസംബര്‍ മാസത്തെയും ജനുവരി 11 വരേയും ഉള്ള തന്‍റെ ശമ്പളം സര്‍വ്വകലാശാല തടഞ്ഞ് വച്ചിരിക്കുകയാണെന്നും രാമാനന്ദ് പറഞ്ഞു. പെരിയ കേന്ദ്ര സര്‍വ്വകലാശാല അധികൃതരുമായി ഏഷ്യാനെറ്റ് ന്യൂസ് ബന്ധപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios