പ്രോസിക്യൂഷനെ സ്വാധീനിച്ച് ജാമ്യം നേടാൻ സഹായിക്കാം എന്ന് വാഗദാനം ചെയ്ത് പ്രതിയിൽ നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.

തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ സഹായിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ലീഗൽ സർവ്വീസ്സസ് അതോറിറ്റി അഭിഭാഷകയ്ക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി. തിരുവനന്തപുരം ബാർ അസോസിയേഷനാണ് അഭിഭാഷകയായ സ്വപ്നയ്ക്കെതിരെ ഗുരുതര പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. പ്രോസിക്യൂഷനെ സ്വാധീനിച്ച് ജാമ്യം നേടാൻ സഹായിക്കാം എന്ന് വാഗദാനം ചെയ്ത് പ്രതിയിൽ നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം തിരുവനന്തപുരം പോക്സോ കോടതിയിലായിരുന്നു നാടകീയ സംഭവമുണ്ടായത്. ഫോർട്ട് പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിയ്ക്കായി ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക സ്വപ്ന ജാമ്യ ഹർജി നൽകി. എന്നാൽ കോടതിയിലുണ്ടായിരുന്ന മറ്റൊരു അഭിഭാഷകനായ അഫ്സൽ ഖാൻ താനാണ് പ്രതിയുടെ അഭിഭാഷകനെന്ന് ജഡ്ജിയുടെ ശ്രദ്ധയിൽ പെടുത്തി. വക്കാലത്ത് ആർക്ക് എന്നതിൽ തർക്കം വന്നതോടെ കോടതി പ്രതിയോട് ആരാണ് അഭിഭാഷകൻ എന്ന് ചോദിച്ചു. ഈ ഘട്ടത്തിലാണ് പ്രതി ഗുരുതരമായ ആരോപണം അഭിഭാഷക സ്വപ്നയ്ക്കെതിരെ ഉന്നയിച്ചത്. 

സ്വപ്ന തന്നെ ജയിൽ വന്ന് കണ്ടെന്നും ലീഗൽ സർവീസസസ് അഭിഭാഷകയായ തനിക്ക് സർക്കാർ അഭിഭാഷകരിൽ സ്വാധീനമുണ്ടെന്നും സ്വപ്ന പറഞ്ഞതായി പ്രതി വെളിപ്പെടുത്തുകയായിരുന്നു. ജാമ്യമെടുക്കാനും കേസിൽ നിന്ന് രക്ഷിക്കാനും സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഇതിനായി രണ്ട് ലക്ഷം രൂപ നൽകിയാൽ മതിയെന്നും ആവശ്യപ്പെട്ടു. നിലവിലുള്ള വക്കാലത്ത് ഒഴിയണമെന്നും നിർദ്ദേശിച്ചിരുന്നുവെന്നാണ് പോക്സോ കോടതിയിൽ പ്രതി വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പ്രതിയിൽ നിന്ന് പോക്സോ കോടതി വിശദമായ വിവരങ്ങൾ ശേഖരിച്ച് ജില്ലാ ജഡ്ജിന് റിപ്പോർട്ട് കൈമാറി. ഇതിന് പിന്നാലെയാണ് പ്രതിയുടെ അഭിഭാഷകനായ അഫ്സൽ ഖാൻ സ്വപ്നയ്ക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബാർ അസോസിയേഷനെ സമീപിച്ചത്. 

ഈ പരാതിയാണ് ബാർ അസോസിയേഷൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിത്. സ്വന്തമായി അഭിഭാഷകനെ വെക്കാൻ കഴിയാത്ത പ്രതികൾക്ക് ലീഗൽ സർവീസസ് അതോറിറ്റി സൗജന്യ നിയമ സഹായം നൽകുന്നുണ്ട്. ഇതിനായി പ്രതിമാസം ശമ്പളം നൽകിയ അഭിഭാഷകരെയും നിയമിച്ചിട്ടുണ്ട്. എന്നാൽ പ്രതിക്ക് നിയമസഹായം നൽകാൻ കോടതിയിൽ നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും, കോടതി അന്വേഷിക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അഭിഭാഷകയായ സ്വപ്ന പ്രതികരിച്ചു. ഒരു അഭിഭാഷകയെ കുറിച്ചല്ല, പൊതുവില്‍ ലീഗൽ സർവീസ് അഭിഭാഷകർക്കെതിരെ ഉയർന്നിട്ടുളള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടതെന്ന് ബാർ അസോസിയേഷൻ പ്രതികരിച്ചു.

'കൂട്ട സ്ഥലംമാറ്റത്തിന് കാരണം സ്റ്റാഫ് റൂമിൽ സിസിടിവി വെച്ചത് ചോദ്യംചെയ്തത്': പ്രിൻസിപ്പാളിനെതിരെ അധ്യാപകർ

https://www.youtube.com/watch?v=Ko18SgceYX8