നിയമനക്കോഴ വിവാദം; പുതിയ വെളിപ്പെടുത്തലുമായി ഇടനിലക്കാരൻ അഖിൽ സജീവ്, 'അഖില്‍ മാത്യുവിന് ഇടപാടില്‍ പങ്കില്ല'
എഐഎസ്എഫ് നേതാവ് ബാസിതും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനുമാണ് നിയമനത്തിൽ ഇടപെട്ടതെന്നാണ് അഖിൽ സജീവിന്‍റെ ആരോപണം.

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഇടനിലക്കാരൻ അഖിൽ സജീവ്. അഖിൽ മാത്യുവിന് ഇടപാടിൽ പങ്കില്ലെന്നാണ് ഒളിവിലുള്ള അഖിൽ സജീവിന്റെ വെളിപ്പെടുത്തല്‍. പരാതിക്കാരൻ ഹരിദാസനെ നേരിട്ട് കണ്ടിട്ടില്ലെന്നും അഖിൽ സജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എഐഎസ്എഫ് നേതാവ് ബാസിതും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനുമാണ് നിയമനത്തിൽ ഇടപെട്ടതെന്നാണ് അഖിൽ സജീവിന്‍റെ ആരോപണം. തന്‍റെ അക്കൗണ്ടിലേക്ക് ഹരിദാസൻ അയച്ചുവെന്ന് പറയുന്ന 25,000 രൂപ ലെനിൻ പറഞ്ഞ മറ്റൊരു അക്കൗണ്ടിലേക്ക് തിരിച്ചയച്ചുവെന്നും അഖിൽ സജീവൻ പറഞ്ഞു.
അതേസമയം, മന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് പണം നൽകി എന്ന ആരോപണത്തില്‍ ഉറച്ച് നിൽക്കുകയാണെന്നാണ് പരാതിക്കാരൻ ഹരിദാസ് പറയുന്നത്. ഏപ്രിൽ പത്താം തീയതി വൈകുന്നേരം നാലിനും ആറിനും ഇടയിലാണ് പണം കൈമാറിയത്. തുടർന്ന് ഏഴരയ്ക്കുള്ള ട്രെയിനിൽ മടങ്ങിയെന്നും ഹരിദാസ് പറയുന്നു. ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഹരിദാസ് സൂചിപ്പിച്ചിരുന്നത് ഏകദേശം 2:30 ന് പണം നൽകി എന്നായിരുന്നു.
അഖിൽ മാത്യുവിന് ഇടപാടിൽ ഒരു പങ്കുമില്ലെന്ന് അഖിൽ സജീവൻ