Asianet News MalayalamAsianet News Malayalam

ആരോ​ഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം; ​അന്വേഷണം തുടങ്ങിയിട്ട് ഒന്നരമാസം, പ്രധാന പ്രതി പിടിയിലായില്ല

കേസ് എടുത്ത് അന്വേഷണം തുടങ്ങി ഒന്നര മാസത്തിന് ശേഷവും ഗൂഢാലോചന ആസൂത്രണം ചെയ്തതാരെന്നോ എന്തിനെന്നോ വ്യക്തമാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുമില്ല. 

bribery allegations health ministers office main suspect was not caught sts
Author
First Published Nov 20, 2023, 7:11 AM IST

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജ്ജിൻെറ ഓഫീസിനെതിരായ കോഴ ആരോപണത്തിലെ ​ഗൂഢാലോചന കണ്ടെത്താനാകാതെ പൊലീസ്. കേസെടുത്ത് അന്വേഷണം തുടങ്ങി ഒന്നരമാസം ആയിട്ടും ആരോപണ വിധേയനും പ്രധാന പ്രതിയെന്നും പറയുന്ന മുൻ എസ്എഫ്ഐ നേതാവിനെ പിടികൂടാൻ ആയിട്ടില്ല. 

പൊലീസ് അന്വേഷണം കഴിയട്ടെ, ചിലത് പറയാനുണ്ടെന്നാണ് ആരോഗ്യമന്ത്രി അടിക്കടി ആവർത്തിക്കുന്നത്. പക്ഷെ കോഴ വിവാദത്തിലെ പ്രധാന സൂത്രധാരനെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസ് എടുത്ത് അന്വേഷണം തുടങ്ങി ഒന്നര മാസത്തിന് ശേഷവും ഗൂഢാലോചന ആസൂത്രണം ചെയ്തതാരെന്നോ എന്തിനെന്നോ വ്യക്തമാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുമില്ല. ​ഗൂഢാലോചനയിലെ മുഖ്യ കണ്ണിയും മുൻ എസ്എഫ്ഐ നേതാവുമായ കോഴിക്കോട് സ്വദേശി ലെനിനാണെന്നാണ് നിലവിൽ പിടിയിലായവരുടെ മൊഴി.

പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ലെനിൻ മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതി സമീപിച്ചിരിക്കുകയാണ്. കേസിൽ അറസ്റ്റിലായ ബാസിത്തും അഖിൽ സജീവനും റഹീസുമാകട്ടെ മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഉന്നയിച്ചതിൽ പരസ്പരം പഴിചാരി പൊലീസിനെ വട്ടം ചുറ്റിക്കുകയാണ്. ലെനിനാണ് എല്ലാം ചെയ്തതെന്നാണ് ഇവരുടെ മൊഴി. അതേ സമയം പണം വാങ്ങി തട്ടിപ്പ് നടത്തിയവർ മന്ത്രിയുടെ ഓഫീസിനു നേരെ എന്തിന് ആരോപണം ഉന്നയിച്ചെന്ന അടിസ്ഥാന ചോദ്യത്തിന് പോലും ഇതുവരെ ഉത്തരവും കിട്ടിയിട്ടില്ല.

സെപ്തംബർ 27നാണ് മലപ്പുറം സ്വദേശിയായ ഹരിദാസൻ ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കോഴ ആരോപണം ഉന്നയിക്കുന്നത്. മെഡിക്കൽ ഓഫീസർ നിയമനത്തിനായി മന്ത്രിയുടെ പിഎ അഖിൽ മാത്യു സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് പണം വാങ്ങിയെന്നായിരുന്നു ആരോപണം.

എന്നാൽ അന്വേഷണം മുറുകിയപ്പോള്‍ പണം നൽകിയത് മുൻ എഐഎസ്എഫ് നേതാവ് ബാസിത്തിനാണെന്നും ആരോപണം ഉന്നയിക്കാൻ പ്രേരിച്ചതും ബാസിത്തെന്നായിരിന്നു ഹരിദാസൻെറ കുറ്റസമ്മത മൊഴി. ഹരിദാസൻ ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് ബാസിത്ത് ഒരു പരാതി തയ്യാറാക്കിയും മന്ത്രിയുടെ ഓഫീസിൽ നൽകിയിരുന്നു. വ്യക്തികള്‍ തമ്മിലുള്ള സാമ്പത്തിക തട്ടിപ്പിന് അപ്പുറം സർക്കാരിനെതിരെ വ്യാജ രേഖ നിർമ്മാണവും ​ഗൂഢാലോചനയും തെളിയിക്കാൻ പൊലീസിന് ഇനിയും എന്ന് കഴിയുമെന്നാണ് അറിയേണ്ടത്.

നിയമന തട്ടിപ്പ്: രണ്ടാം പ്രതി ലെനിന്‍ രാജിന്‍റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Follow Us:
Download App:
  • android
  • ios